തിരുവനന്തപുരം: കേരളത്തിന്‍റെ വിനോദ സഞ്ചാരമേഖലയെ സമ്പന്നമാക്കുന്നതില്‍ ആഭ്യന്തര വിനോദ സഞ്ചാരികളും യൂറോപ്യൻ സഞ്ചാരികളും എന്നും മുന്നിലാണെന്ന കാര്യത്തില്‍ സംശയമില്ല. ഇവർക്കൊപ്പം അറബ് സഞ്ചാരികളെ കൂടി കേരളത്തിലേക്ക് ആകർഷിക്കാനാണ് ഇത്തവണ ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. മരുഭൂമികൾ നിറഞ്ഞ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് കേരളത്തിലെ മഴക്കാലം, അതിനെ സുന്ദരമാക്കുന്ന പ്രൃകൃതി, അതിനൊപ്പം ആയുർവേദ ചികിത്സ എന്നിവ സമ്മാനിക്കാനാണ് കേരള ടൂറിസം വകുപ്പ് ഇത്തവണ ലക്ഷ്യമിടുന്നത്.
ആകർഷണം അനുകൂല കാലാവസ്ഥ: അടുത്ത മാസം മുതല്‍ ഗൾഫില്‍ സമ്മർ വെക്കേഷൻ ( വേനല്‍ അവധിക്കാലം ) ആരംഭിക്കുകയാണ്. അത് കണക്കാക്കി സഞ്ചാരികളെ കേരളത്തിലെ മഴക്കാലവും അതിനോട് ചേരുന്ന പ്രകൃതിയും ചികിത്സയും ആസ്വദിക്കാവുന്ന തരത്തിലാണ് ടൂറിസം വകുപ്പ് പദ്ധതികൾ നടപ്പാക്കുന്നത്.
ഇതുവരെ കേരളം ആകർഷിക്കാത്ത സഞ്ചാരികളാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. അതുകൊണ്ടു തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്ന് (അവരുടെ വേനല്‍ക്കാല സമയത്ത്) കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്നാണ് കേരള ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുന്നത്. കേരളത്തില്‍ ജൂലായ് മുതല്‍ ഓഗസ്റ്റ് വരെ നീളുന്ന മൺസൂൺ സീസണില്‍ ഗൾഫ് രാജ്യങ്ങളില്‍ കനത്ത ചൂടായിരിക്കും അനുഭവപ്പെടുക.
ഈ അനുകൂല കാലാവസ്ഥ കേരള ടൂറിസത്തിന്‍റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം ലക്ഷ്യമിടുന്നത്. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ഇനിയും ക്ഷണിച്ചിട്ടില്ല എന്നതും ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികൾ കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ചികിത്സാ രീതികളും ഇതുവരെ പൂർണമായി അനുഭവിച്ചിട്ടില്ല എന്നതും കേരള ടൂറിസത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
കാശിറക്കി കാമ്പയിൻ, സ്പെഷ്യല്‍ പാക്കേജുകൾ: ഏഴ് കോടി രൂപയാണ് ഗൾഫ് രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്‍റെ പ്രചാരണത്തിന് കേരള സർക്കാർ വിനിയോഗിക്കുന്നത്. ദുബായ്, ദോഹ വിമാനത്താവളങ്ങൾ കേന്ദ്രമാക്കിയാണ് പ്രചാരണം. അതിനൊപ്പം ഗൾഫിലെ പത്ര, ദൃശ്യ, റേഡിയോ മാധ്യമങ്ങൾ വഴിയും പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം ദുബായില്‍ നടന്ന അറേബ്യൻ ട്രാവല്‍ മാർട്ടിലും കേരള ടൂറിസത്തിന്‍റെ പ്രചാരണം ലക്ഷ്യമിട്ട് പരിപാടികൾ നടത്തിയിരുന്നു. ഇതോടൊപ്പം റിയാദ്, ദമാം, മസ്‌കറ്റ് എന്നിവിടങ്ങളില്‍ റോഡ് ഷോയും കേരള ടൂറിസത്തിന് വേണ്ടി നടത്തിയിരുന്നു.
പ്രത്യേക സ്ഥലങ്ങൾ ലക്ഷ്യമിട്ട് എത്തുന്ന വലിയ അറബ് ടൂറിസ്റ്റ് ഗ്രൂപ്പുകൾക്കായി അത്യാകർഷകമായ പാക്കേജുകളും കേരള ടൂറിസം വകുപ്പ് പ്രഖ്യാപിക്കും. 2019ല്‍ ഒന്നരലക്ഷം സഞ്ചാരികളാണ് അറബഹ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെത്തിയത്. ഇത്തവണ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടികൾ ആലോചിക്കുന്നത്.
2023ല്‍ ആഗോളതലത്തില്‍ കണ്ടിരിക്കേണ്ടതും സഞ്ചാരികൾ പോകേണ്ടതുമായ പ്രധാന സ്ഥലങ്ങളില്‍ ഒന്നായി കേരളത്തെ ടൈം മാഗസിനും ന്യൂയോർക്ക് ടൈംസും തെരഞ്ഞെടുത്തിരുന്നു. ഇതെല്ലാം കേരള ടൂറിസം പ്രചാരണത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.