ജറുസലേം : ഇന്ത്യൻ ദൗത്യ സംഘത്തിന്‍റെ സഹായത്തോടെ കശ്‌മീർ സ്വദേശിനിയും മകളും ഗാസയിൽ നിന്ന് സുരക്ഷിതമായി ഈജിപ്‌തിലെത്തി. ലുബ്‌ന നസീർ ഷാബു അവരുടെ മകൾ കരീമ എന്നിവരാണ് സുരക്ഷിതമായി ഈജിപ്‌തിലെത്തിയത്. യുവതിയുടെ ഭർത്താവ് തന്നെയാണ് ഈ വിവരം അറിയിച്ചത്.
തിങ്കളാഴ്‌ച (നവംബർ 13) വൈകുന്നേരമാണ് ലുബ്‌ന നസീർ ഷാബുവും മകൾ കരീമയും ഈജിപ്‌തിനും ഗാസയ്‌ക്കും ഇടയിലുള്ള റാഫ അതിർത്തി കടന്നത്. ഇരുവരും ഈജിപ്‌തിലെ ഒരു നഗരമായ അൽ-അരിഷിലാണെന്നും ഉടൻ കെയ്‌റോയിലേക്ക് മാറുമെന്നും ലുബ്‌നയുടെ ഭർത്താവ് നെദാൽ ടോമൻ പറഞ്ഞു.
ഈജിപ്‌തിനും ഗാസയ്‌ക്കും ഇടയിലുള്ള ഏക എക്‌സിറ്റ് റൂട്ടാണ് റാഫ അതിർത്തി. സാധനങ്ങൾ ഗാസയിലേക്ക് എത്തിക്കുന്നതിനും ചില വിദേശ പൗരന്മാരെയും പരിക്കേറ്റവരെയും മറുവശത്തേക്ക് കടക്കാൻ അനുവദിക്കുന്നതിനും കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി റാഫ അതിർത്തി തുറന്ന് കിടക്കുകയാണ്.
ഒക്‌ടോബർ 10ന് ലുബ്‌ന പിടിഐയുമായി ഫോണിലൂടെ ബന്ധപ്പെടുകയും ഗാസയിൽ നിന്ന് പലായനം ചെയ്യാനായി സഹായം അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. ഇതുപോലൊരു അവസ്ഥ താൻ മുമ്പ് കണ്ടിട്ടില്ല. ഗാസയുടെ അതിർത്തി പ്രദേശങ്ങളിൽ ബോംബാക്രമണത്തിന് ശേഷം പലായനം ചെയ്യപ്പെടേണ്ടിവന്ന രണ്ട് കുടുംബങ്ങൾ അവരോടൊപ്പം താമസിക്കുന്നുണ്ടെന്നും ലുബ്‌ന അറിയിച്ചിരുന്നു.
തങ്ങൾക്ക് എവിടെയും സുരക്ഷിതമായ സ്ഥലമില്ലാത്തതിനാൽ എവിടേക്കും പോകാൻ കഴിയില്ല. ഇവിടെ എക്‌സിറ്റ് പോയിന്‍റുകളൊന്നുമില്ലെന്നും സുരക്ഷിതമായ ഒരു സ്ഥലത്തെത്താൻ ഇന്ത്യൻ നയതന്ത്ര ഓഫിസിൽ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും ലുബ്‌ന പിടിഐക്ക് അയച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
തങ്ങൾ ഇവിടെ ക്രൂരമായ യുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. നിമിഷങ്ങൾക്കകം എല്ലാം നശിപ്പിക്കപ്പെടുന്നു. ബോംബ് ആക്രമണങ്ങൾ ഉണ്ടാകുന്ന ശബ്‌ദം കേട്ടാൽ വീട് മുഴുവൻ കുലുങ്ങുന്നതുപോലെ തോന്നും. ഒക്‌ടോബർ 9-ാം തിയതിയോടെ ജലവിതരണം തടസ്സപ്പെട്ടു, വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. വളരെ ഭയാനകമായ സാഹചര്യമാണെന്നും ലുബ്‌ന വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരുന്നു.
ഗാസയിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയുന്ന ആളുകളുടെ കൂട്ടത്തിൽ തന്‍റെ പേരുണ്ടെന്ന് പിന്നീട് ലുബ്‌ന പിടിഐയെ അറിയിച്ചിരുന്നു. ഇത് സാധ്യമാക്കിയതിന് മേഖലയിലെ ഇന്ത്യൻ ദൗത്യ സംഘങ്ങൾക്ക് ലുബ്‌ന നന്ദിയും പറഞ്ഞു.
അതേസമയം, ഒക്ടോബര്‍ ഏഴിന് ഹമാസ് (Hamas) ബന്ദികളാക്കിയ 240 പേരെ വിട്ടയക്കാതെ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നിലപാട്. ഹമാസിനെ അവസാനിപ്പിക്കാന്‍ തങ്ങളുടെ മുഴുവന്‍ സേനയെയും ഉപയോഗിക്കുമെന്നാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം.