കാബൂള്‍ (അഫ്‌ഗാനിസ്ഥാന്‍) : ഹെറാത്ത് പ്രവിശ്യയിലെ നിസ്‌കാര പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ പ്രമുഖ പുരോഹിതന്‍ ഉള്‍പ്പടെ നിരവധിപേര്‍ കൊല്ലപ്പെട്ടു. ഇന്ന് (02.08.2022) പള്ളിക്കുള്ളില്‍ പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമെന്ന് അഫ്‌ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇമാം അടക്കം 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
പ്രമുഖ ഇസ്ലാമിക മതപണ്ഡിതൻ മൗലവി മുജീബ് റഹ്മാൻ അൻസാരിയുടെ മരണത്തിൽ താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് ദുഖം രേഖപ്പെടുത്തി രംഗത്തെത്തി. കഴിഞ്ഞ മാസം തലസ്ഥാന നഗരമായ കാബൂളിൽ നിരവധി സ്ഫോടനങ്ങളാണുണ്ടായത്. മാത്രമല്ല, ഈ ഭീകരാക്രമണങ്ങള്‍ ഡസൻ കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിച്ചു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത് ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്. മനുഷ്യാവകാശങ്ങളും, സ്‌ത്രീ സ്വാതന്ത്ര്യവും ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്‌റ്റില്‍ തലസ്ഥാന നഗരമായ കാബൂൾ പിടിച്ചടക്കിയ ശേഷം താലിബാന്‍ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ അടിച്ചമർത്തുകയും, ആളുകളെ ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുകയും, പീഡിപ്പിക്കുകയും, വിമർശകരെയും എതിർക്കുന്നവരെയും വധിക്കുകയും ചെയ്‌തതോടെ അഫ്‌ഗാന് അന്താരാഷ്‌ട്രതലത്തില്‍ തന്നെ ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിരുന്നു.