ടോക്കിയോ: ജപ്പാനിൽ ഇന്നലെ (ജനുവരി 1) ഉണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം(Japan earthquake deaths). ഇഷികാവ പ്രിഫെക്‌ചറിലെ നോട്ടോ പെനിൻസുലയിൽ പ്രാദേശിക സമയം വൈകിട്ട് 4:10 ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചിരുന്നു. റിക്‌ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജപ്പാനിലെ ഹോൺഷു ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്ത് തീപിടിത്തം ഉണ്ടാവുകയും കെട്ടിടങ്ങൾ തകരുകയും ചെയ്‌തു.
ദുരന്തത്തില്‍ നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി വ്യക്തമല്ല. ഇന്നലെ ഉച്ചതിരിഞ്ഞ് ജപ്പാന്‍റെ പടിഞ്ഞാറൻ തീരത്ത് ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് ജപ്പാനിലെ ഇഷികാവ പ്രിഫെക്‌ചറിൽ 1.2 മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകൾ ഉണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സുനാമി സാധ്യത കുറഞ്ഞെങ്കിലും ഇനിയും വരാനുള്ള സാധ്യത കണക്കിലെടുത്ത്, തീരപ്രദേശങ്ങളിലെ ജനങ്ങളോട് വീടുകളിലേക്ക് മടങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
കൂടാതെ ജനങ്ങളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് ഉടനെ മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്. ഭൂകമ്പത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മധ്യ ജപ്പാനിലെ വാജിമ നഗരത്തിൽ വലിയ തീപിടിത്തമുണ്ടായി. ഇതില്‍ നൂറിലധികം കടകളും വീടുകളും നശിച്ചു. നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
ഇഷികാവ പ്രിഫെക്‌ചറിലെ ഷിക ആണവോർജ കേന്ദ്രത്തിൽ സ്ഫോടനമുണ്ടാവുകയും ഇതേത്തുടര്‍ന്ന് ദുർഗന്ധം വ്യാപിക്കുകയും ചെയ്‌തതായാണ് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി നൽകുന്ന വിവരം. ആണവോർജ കേന്ദ്രത്തിലെ ഒരു ട്രാൻസ്ഫോർമർ തകരാറിലായതായി കമ്പനി ഓപ്പറേറ്റർ അറിയിച്ചു. എന്നാൽ ബാക്കപ്പ് മെക്കാനിസം വഴി രണ്ട് ന്യൂക്ലിയർ റിയാക്‌ടറുകളും പ്രവർത്തനം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടു. ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനുകളുടെ ചില സർവീസുകൾ ദുരന്തത്തെ തുടർന്ന് താത്‌കാലിമായി നിർത്തിവച്ചിരിക്കുകയാണ്. സുനാമി മുന്നറിയിപ്പ്, ആളുകളെ ഒഴിപ്പിക്കൽ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് സമയബന്ധിതവും കൃത്യവുമായ വിവരങ്ങൾ നൽകാനും നാശനഷ്‌ടങ്ങൾ തടയുന്നതിന് സമഗ്രമായ നടപടികൾ കൈക്കൊള്ളാനും ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ആഹ്വാനം ചെയ്‌തിട്ടുണ്ട്. നാശനഷ്‌ടങ്ങളുടെ കണക്ക് വിലയിരുത്താൻ നിർദേശവും നല്‍കി.