ടെൽ അവീവ് (ഇസ്രയേൽ) : ഈജിപ്‌തുമായുള്ള ഇസ്രായേലിന്‍റെ തെക്കൻ അതിർത്തിയിലുണ്ടായ വെടിവയ്‌പിൽ മൂന്ന് ഇസ്രയേലി സൈനികരും ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിന്തുടർന്ന് എത്തിയ ഈജിപ്ഷ്യൻ അതിർത്തി കാവൽക്കാരൻ സുരക്ഷ ചെക്ക് പോയിന്‍റ് ലംഘിച്ചതോടെ വെടിവയ്‌പ്പ് ഉണ്ടാകുകയായിരുന്നു. ഈജിപ്‌തുമായുള്ള ഇസ്രയേലിന്‍റെ അതിർത്തിയും ഗാസ മുനമ്പും കൂടിച്ചേരുന്നതിന് 40 കിലോമീറ്റർ (25 മൈൽ) തെക്കുകിഴക്കായി, ഇസ്രയേലിനും ഈജിപ്‌തിനും ഇടയിലുള്ള നിത്സാന, അൽ-അവ്ജ അതിർത്തി ക്രോസിന് സമീപം ഇന്നലെ പുലർച്ചെയാണ് സംഭവം.
ഇസ്രായേലിലേക്കോ ഗാസ മുനമ്പിലേക്കോ ഈജിപ്‌തിൽ നിന്ന് ചരക്ക് കൊണ്ടുവരാനാണ് ഈ അതിർത്തി ഉപയോഗിക്കുന്നത്. അറബ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, പത്ത് വർഷത്തിലേറെയായി അതിർത്തി മേഖലയിൽ നടന്ന ആദ്യത്തെ അക്രമാസക്തമായ ഏറ്റുമുട്ടലാണിത്. ഇസ്രയേൽ സൈന്യം പറയുന്നതനുസരിച്ച്, ഈജിപ്ഷ്യൻ അതിർത്തിയിലെ സൈനിക പോസ്റ്റിന് കാവൽനിൽക്കുന്നതിനിടെ ശനിയാഴ്‌ച പുലർച്ചെ ഒരു ഈജിപ്ഷ്യൻ പൊലീസുകാരൻ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും ഈജിപ്ഷ്യൻ പൊലീസുകാരനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട സൈനികരിൽ ഒരാൾ വനിത സുരക്ഷ ഉദ്യോഗസ്ഥയാണെന്നാണ് റിപ്പോർട്ട്. റേഡിയോയോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഇസ്രയേലി സൈന്യം നടത്തിയ അന്വേഷണത്തിൽ അവരുടെ മൂന്ന് സൈനികരെ അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
കള്ളക്കടത്തുകാരെ പിന്തുടരുന്നതിനിടെ ഈജിപ്ഷ്യൻ അതിർത്തി കാവൽക്കാരൻ സുരക്ഷ വേലി ഭേദിക്കുകയും തുടർന്ന് വെടിവയ്‌പ്പ് ഉണ്ടാകുകയുമായിരുന്നു എന്നാണ് ഈജിപ്ഷ്യൻ സൈന്യം നല്‍കുന്ന വിവരം. അതിർത്തിയിലെ വെടിവയ്പ്പിനെ കുറിച്ചും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള പരസ്‌പര ഏകോപനത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഈജിപ്‌ത് പ്രതിരോധ മന്ത്രി മുഹമ്മദ് സാക്കി ഇസ്രയേൽ പ്രതിരോധ മന്ത്രിയുമായി ഫോണിലൂടെ സംസാരിച്ചു എന്ന് ഈജിപ്ഷ്യൻ സൈന്യം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫുമായി സ്ഥിതിഗതികൾ ചർച്ച ചെയ്‌ത ശേഷം, സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേലിന്‍റെ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് വ്യക്തമാക്കി. കൊലപാതകം കള്ളക്കടത്തുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം നടത്തുകയെന്ന് ഇസ്രയേൽ മിലിട്ടറിയുടെ സതേൺ കമാൻഡ് മേധാവി എലിയേസർ ടോലെഡാനോ അറിയിച്ചു.
ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ എങ്ങനെയാണ് അതിർത്തി വേലി കടന്നതെന്ന് അറിയില്ല. മറ്റ് ആക്രമണകാരികളുടെ സാധ്യത തള്ളിക്കളയാൻ സൈനികർ പ്രദേശം പരിശോധിച്ചു വരികയാണെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലുമായി കർശന സുരക്ഷ ബന്ധം സ്ഥാപിക്കുകയും 1979-ൽ അവരുമായി സമാധാന കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്‌ത ആദ്യ അറബ് രാഷ്ട്രമാണ് ഈജിപ്‌ത്.