ടെൽ അവീവ്: കിഴക്കൻ ജറുസലേമിലെ ചെക്‌പോസ്‌റ്റിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ഷുഫാത്ത് ചെക്പോസ്‌റ്റിൽ പ്രതി എന്ന് സംശയിക്കുന്ന വ്യക്തി കഴിഞ്ഞ ദിവസം രാത്രി എത്തുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബോർഡർ ഗാർഡ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.
സംഭവസ്ഥലത്ത് പരിക്കേറ്റ മറ്റ് രണ്ടു ഉദ്യേഗസ്ഥർ ചികിത്സയിലാണ്. കിഴക്കൻ ജറുസലേമിലെ ഷുഫാത്ത് അഭയാർത്ഥി ക്യാമ്പിന് സമീപമുള്ള ചെക്‌പോസ്‌റ്റിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തെ തുടർന്ന് ഇസ്രായേൽ ജനതയുടെ സംരക്ഷണത്തിനായി സുരക്ഷ സേനയെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്നും അക്രമം തടയുമെന്നും പ്രധാനമന്ത്രി യെയർ ലാപിഡ് പറഞ്ഞു.
ശനിയാഴ്‌ച ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ 17 വയസുള്ള രണ്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്ക്‌കളായ ജെനിൻ, നബ്ലസ് പ്രദേശങ്ങൾ നിലവിൽ അക്രമണ ഭീഷണിയിലാണ്. ഇസ്രായേൽ സൈന്യവും പലസ്‌തീനിയും തമ്മിൽ അടുത്തിടെ നിരവധി തവണ ഏറ്റുമുട്ടലുകൾ ഉണ്ടായി.
ആക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇസ്രായേൽ സൈന്യം റെയ്‌ഡ് നടത്തിവരികയാണ്. തുടർച്ചയായി ഇസ്രായേലികൾക്ക് നേരേ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഐഡിഎഫ് "ബ്രേക്കിംഗ് ദ വേവ്" എന്ന പേരിൽ ഈ ഓപറേഷൻ ആരംഭിച്ചത്. ഈ വർഷം ഇതുവരെ ഇസ്രായേലിലെയും വെസ്റ്റ് ബാങ്കിലെയും സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ 20 ഇസ്രായേലികളും വിദേശികളും കൊല്ലപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
105ലധികം ഫലസ്‌തീനികൾ ഇസ്രായേൽ സേനയാലും കൊല്ലപ്പെട്ടു.