ഇസ്രായേല്‍ : ഇസ്രായേലിനുമേല്‍ റോക്കറ്റാക്രമണം അഴിച്ചുവിട്ട് പാലസ്തീനിയന്‍ വിമതര്‍.റോക്കറ്റാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും 15 പേര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട് (Palestinian Militants Launch Rocket Attack On Israel). ഹമാസ് തീവ്രവാദികള്‍ ഗാസ മുനമ്പില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ കനത്ത റോക്കറ്റാക്രമണം ആരംഭിച്ചത്. ഏതാണ്ട് 5000 റോക്കറ്റുകളെങ്കിലും ഇസ്രായേലില്‍ പതിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
യുദ്ധ സമാന സാഹചര്യമാണ് രാജ്യത്തെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോക്കറ്റാക്രമണം ഏതാണ്ട് അര മണിക്കൂര്‍ നീണ്ടുനിന്നു. ടെല്‍ അവീവിനടുത്ത നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇസ്രായേലിനുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് സേനാ തലവന്‍ മുഹമ്മദ് ദീഫ് അവകാശപ്പെട്ടു. ജെറുസലേമിലെ അല്‍ അഖ്‌സ പളളിയെ അശുദ്ധമാക്കിയതിലുള്ള പ്രതിഷേധത്തിന്‍റെ ആദ്യഘട്ടം മാത്രമാണിതെന്നും ഹമാസ് പ്രതികരിച്ചു.മേഖലയില്‍ ഇസ്രായേലിന് നേരെ ഇത്ര കനത്ത ആക്രമണം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ഗാസാ മുനമ്പിനടുത്ത് താമസിക്കുന്ന ഇസ്രായേലി പൗരന്മാരോട് വീടുകളില്‍ തന്നെ കഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് ഹമാസ് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേലി സൈന്യം മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്ന് ഹമാസ് തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും ഇസ്രായേല്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നുഴഞ്ഞുകയറിയ തീവ്രവാദികള്‍ ടെല്‍ അവീവിലെത്തിയതായി പ്രദേശ വാസികളും സ്ഥിരീകരിക്കുന്നുണ്ട്. തെക്കന്‍ ഇസ്രായേലി നഗരങ്ങളില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചനകള്‍.