ജറുസലേം : ഒക്‌ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധം (Israel - Hamas Conflict) രണ്ടാഴ്‌ച പിന്നിട്ടിട്ടും യുദ്ധവെറിയടങ്ങാതെ ഇരുരാജ്യങ്ങളും ഏറ്റമുട്ടൽ തുടരുകയാണ്. തെക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുമ്പോൾ ഇസ്രയേൽ നിർദേശപ്രകാരം വടക്ക് നിന്ന് പലായനം ചെയ്‌ത പലസ്‌തീനികളെ കൊണ്ട് വീർപ്പുമുട്ടുകയാണ് ഈ പ്രദേശം. പലസ്‌തീനിൽ മാത്രം 4,385 പേർ മരണപ്പെട്ടതായും 13,561 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേലിൽ 1,400 ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട് (Israel - Hamas War Death Toll).
നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തി മെലോണി : യുദ്ധാന്തരീക്ഷത്തിന് സമാധാനം കാണാൻ പല ലോക നേതാക്കളും ഇടപെടൽ നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇറ്റാലിയൻ പ്രീമിയർ ജോർജിയ മെലോണി (Italian Premier Giorgia Meloni) ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇന്നലെ(21.10.2023)കൂടിക്കാഴ്‌ച നടത്തി. കെയ്‌റോയിൽ നടന്ന ഉച്ചകോടിയിൽ മെലോണി പങ്കെടുത്തതിന് പിന്നാലെയായിരുന്നു യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.
അന്താരാഷ്‌ട്ര നിയമത്തിന് കീഴിൽ സ്വയം പ്രതിരോധിക്കാനും സമാധാനത്തോടെ ജീവിക്കാനുമുള്ള ഇസ്രയേലിന്‍റെ അവകാശത്തെ കുറിച്ച് സംസാരിച്ച മെലോണി, ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കേണ്ടതിന്‍റെ പ്രധാന്യത്തിനും അടിവരയിട്ടതായി അവരുടെ ഓഫിസ് അറിയിച്ചു. അതേസമയം, കെയ്‌റോയിൽ നടന്ന ലോക നേതാക്കളുടെ ഉച്ചകോടിയിൽ (Cairo Summit) അറബ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മോചിപ്പിക്കപ്പെട്ട ബന്ദികളുമായി സംസാരിച്ച് ബൈഡൻ : ഇതിനിടെ ഗാസയിൽ ബന്ദികളാക്കപ്പെട്ട രണ്ട് അമേരിക്കൻ പൗരന്മാരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ജൂഡിത്ത് റാനൻ എന്ന യുവതിയും ഇവരുടെ 17 കാരിയായ മകൾ നതാലിയുമാണ് മോചിതരായത്. ഇവരുമായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിദേശികളടക്കം 200 ഓളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുള്ളതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
യുദ്ധമുന്നറിയിപ്പ് നൽകി ഇസ്രയേൽ : യുദ്ധം അടുത്തഘട്ടത്തിലേയ്‌ക്ക് കടക്കുന്നു എന്നതിന്‍റെ മുന്നൊരുക്കമെന്നോണം ഗാസ മുനമ്പിൽ ആക്രമണം ശക്തമാക്കാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു. ഗാസ സിറ്റിയിലെ താമസക്കാർ അവരുടെ സുരക്ഷയ്‌ക്കായി തെക്ക് ഭാഗത്തേയ്‌ക്ക് മാറണമെന്നും ഇസ്രയേൽ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗാസയുടെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ യുഎൻ സ്‌കൂളിന് സമീപം നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്.
സമാധാനം വീണ്ടെടുക്കാൻ മഹ്മൂദ് അബ്ബാസ് : മരണ സംഖ്യ കൂടുന്ന സാഹചര്യത്തിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിന് പലസ്‌തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അന്താരാഷ്‌ട്ര സമാധാന ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇരുരാജ്യങ്ങളിലേയും സാധാരണക്കാരെ കൊല്ലുന്നതിനോട് പൂർണമായി വിയോജിക്കുന്നതായി മഹ്മൂദ് പറഞ്ഞു. ഹമാസ് തടവിലാക്കിയ 210 ഓളം ബന്ദികളെയും ഇസ്രയേൽ തടവിലാക്കിയ പലസ്‌തീനികളേയും ഉടനെ മോടിപ്പിക്കണമെന്നും മഹ്മൂദ് ആവശ്യപ്പെട്ടു. ഇസ്രയേലുമായി സഹകരണമുണ്ടെന്ന കാരണത്താൽ മഹ്മൂദ് നയിക്കുന്ന സർക്കാരിനോട് പലസ്‌തീനികൾക്കിടയിൽ എതിർപ്പുണ്ട്. 2007 ലാണ് ഹമാസ് വെസ്റ്റ് ബാങ്കിന്‍റെ പിന്തുണയോടെ ഗാസ മുനമ്പിലെ പലസ്‌തീൻ സർക്കാരിന്‍റെ അധികാരം പിടിച്ചടക്കിയത്.