ടെൽ അവീവ് : ഗാസ മുനമ്പിനെ രണ്ടായി പിളര്‍ന്ന് കൊണ്ട് ഇസ്രയേല്‍ യുദ്ധം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ ഗാസ വടക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി പിളര്‍ത്തി കൊണ്ടാണ് യുദ്ധം തുടരുന്നതെന്ന് സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പ് വളഞ്ഞിട്ടുണ്ടെന്നും തീരപ്രദേശങ്ങളിലെത്തിയ സൈനികര്‍ അവിടെ പിടിച്ചെടുക്കുമെന്നും ഡാനിയേല്‍ അറിയിച്ചു (Israel Hamas War).
ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടത്തിനെതിരെ ലോകരാജ്യങ്ങളൊട്ടാകെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. വടക്കന്‍ ഗാസ ഏത് നിമിഷവും ആക്രമിക്കാന്‍ ഐഡിഎഫ് തയാറാണെന്ന് എല്‍ടിജി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഹെര്‍സി ഹലേവി പറഞ്ഞു. ഗാസ മുനമ്പില്‍ മാത്രമല്ല അതിര്‍ത്തി മേഖലകളിലെല്ലാം മെച്ചപ്പെട്ട സുരക്ഷ സാഹചര്യം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും ഐഡിഎഫ് എക്‌സിൽ കുറിച്ചു (Israel Prime Minister Benjamin Nethanyahu).
വെടിനിര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു: ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കുന്നത് വരെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. 'വെടി നിര്‍ത്തല്‍ എന്ന വാക്ക് നിഘണ്ടുവില്‍ നിന്നും എടുത്തുകളയുകയാണ്. അവരെ പരാജയപ്പെടുത്തുന്നത് വരെ ഞങ്ങള്‍ യുദ്ധം തുടരും' -നെതന്യാഹു പറഞ്ഞു.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഭീകര സമുച്ചയമാണ് ഗാസയെന്ന് യുഎസിലെ ഇസ്രയേല്‍ പ്രതിനിധി മൈക്കല്‍ ഹെര്‍സോഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'പതിനായിരക്കണക്കിന് പോരാളികളും റോക്കറ്റ് അടക്കമുള്ള മറ്റ് സംവിധാനങ്ങളുമുള്ള ഗാസ ലോകത്തിലെ ഏറ്റവും വലിയ ഭീകര സമുച്ചയമാണ്. ഇതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളെ വേരോടെ പിഴുതെറിയണം. കാരണം ഇതിനെ ഞങ്ങള്‍ എതിര്‍ത്തില്ലെങ്കില്‍ അവര്‍ വീണ്ടും വീണ്ടും ആക്രമണം നടത്തി കൊണ്ടേയിരിക്കും' -സിബിഎസിന്‍റെ 'ഫേദ് ദ നേഷന്‍' അഭിമുഖത്തില്‍ മൈക്കല്‍ ഹെര്‍സോഗ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
അഭയാര്‍ഥി ക്യാമ്പുകളില്‍ വീണ്ടും ആക്രമണം: പലസ്‌തീനിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം. സെന്‍ട്രല്‍ ഗാസ മുനമ്പിലെ രണ്ട് ക്യാമ്പുകളില്‍ വീണ്ടും ആക്രമണം. നിരവധി പേരാണ് ഇന്നലെ (നവംബര്‍ 5) ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസക്കെതിരെയുള്ള ഇസ്രയേല്‍ യുദ്ധത്തില്‍ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. സിവിലിയന്‍മാരുടെ കൊലപാതകം കണക്കിലെടുത്ത് യുദ്ധം താത്‌കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെടുകയാണ്.
Also read: ഗാസ മുനമ്പിലെ അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ഇസ്രയേൽ ആക്രമണം; പലസ്‌തീനികളുടെ മരണസംഖ്യ 9,700 കടന്നു