അത്യന്തം വിനാശകാരികളായ ആയുധങ്ങള്‍ ഒരിക്കലും ഐക്യം സാധ്യമാക്കില്ല. പകരം മനുഷ്യത്വപരമായ പ്രതിസന്ധികള്‍ കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. നിഷ്കളങ്കരായ മനുഷ്യരുടെ ചോരയില്‍ കുതിര്‍ന്ന മണ്ണ് സമാധാനത്തിന്‍റെ പ്രതീക്ഷകള്‍ക്ക് തന്നെ മങ്ങലേല്‍പ്പിക്കും. പശ്ചിമേഷ്യയില്‍ കൊടുമ്പിരിക്കൊള്ളുന്ന പുതിയ സംഘര്‍ഷം വിരല്‍ ചൂണ്ടുന്നത് ഈയൊരു യാഥാര്‍ത്ഥ്യത്തിലേക്കാണ്.
ഹമാസ് നടത്തിയ സമാനതകളില്ലാത്ത റോക്കറ്റാക്രമണത്തിന് തിരിച്ചടിയായി ഗസയെ സമ്പൂര്‍ണ്ണമായിത്തന്നെ നശിപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിറങ്ങുന്നത്. വെറും 360 ചതുരശ്ര കിലോമീറ്ററിനകത്ത് 23 ലക്ഷം പേര്‍ തിങ്ങിത്താമസിക്കുന്ന ഗാസ നഗരം നിരന്തരമായ കടന്നാക്രമണമാണ് നേരിടുന്നത്. ഗാസയിലെ ജനങ്ങളോടല്ല തങ്ങളുടെ യുദ്ധ പ്രഖ്യാപനമെന്ന് ആവര്‍ത്തിക്കുമ്പോഴും ഒന്നു പ്രതിരോധിക്കാന്‍ പോലും കഴിയാത്ത ഗാസ വാസികളായ എണ്ണമറ്റ സ്ത്രീകളും കുട്ടികളും ഇസ്രയേലി സൈന്യത്തിന്‍റെ തുടരെയുള്ള പീഡനങ്ങള്‍ കാരണം എന്തെന്നില്ലാത്ത യാതനകളാണ് അനുഭവിക്കുന്നത്.
പ്രാണരക്ഷാര്‍ത്ഥം 24 മണിക്കൂറില്‍ സ്വന്തം വീടുകളുപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വടക്കന്‍ ഗാസയിലെ 11 ലക്ഷം പലസ്തീനിയര്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം വിനാശകരമായ രീതിയില്‍ മൂര്‍ഛിക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതമാണ് ആപത്തിലാവുന്നത്. ഇന്ന് കാണുന്ന തരത്തിലുള്ള മനുഷ്യത്വ രഹിതമായ ആക്രമണങ്ങളിലേക്കും ഹിംസകളിലേക്കും നയിച്ച എട്ടു ദിവസം മുമ്പത്തെ സംഭവവികാസങ്ങള്‍ക്ക് തിരികൊളുത്തിയതാരാണെന്ന ചോദ്യമാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
2022 ഡിസംബറില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേലി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് തീവ്ര വലതുപക്ഷത്തിന്‍റെ പിന്തുണയിലായിരുന്നു. ഇസ്രയേലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിഭാഗീയവും വര്‍ഗീയവുമായ ഭരണമാണ് പിന്നീട് നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ നടന്നത്. കൊടിയ പാലസ്തീന്‍ വിരോധികളായ വംശവെറിയുടെ വക്താക്കളെയടക്കം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാണ് നെതന്യാഹു മുന്നോട്ടു പോയത്. ഇവരുടെ നിര്‍ലോഭമായ പിന്തുണയില്‍ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ഇസ്രയേലി അധിനിവേശകര്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുകയായിരുന്നു. ജൂണില്‍ മാത്രം ഏതാണ്ട് കൊള്ളിവെയ്പ്പടക്കം 310 ആക്രമണങ്ങളാണ് നടന്നത്.
ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ വെസ്റ്റ് ബാങ്കില്‍ മാത്രം 200 പലസ്തീനികളുടെ ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ജൂത ദേശീയ വാദമെന്ന് തെറ്റിദ്ധരിച്ച് നടത്തുന്ന ആപല്‍ക്കരമായ തീവ്രവാദമെന്ന് വിശേഷിപ്പിച്ച് ഇസ്രയേലി പ്രതിപക്ഷ നേതാവ് ബെന്നി ഗാന്‍ട്സ് വരെ ഈ ആക്രമണങ്ങളെ അപലപിക്കുകയുണ്ടായി. പലസ്തീന്‍ ജനതയോട് നെതന്യാഹു ഭരണകൂടം കാണിക്കുന്ന അപക്വമായ സമീപനങ്ങള്‍ വലിയതോതിലുള്ള പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് പലതവണ പല കോണുകളില്‍ നിന്നും മുന്നറിയിപ്പുകള്‍ വന്നതാണ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ സാധാരണക്കാരുടെ ജീവിതദുരിതങ്ങള്‍ കൂടുതല്‍ യാതന പൂര്‍ണ്ണമാക്കിക്കൊണ്ട് ആ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഇസ്രയേലിനു നേരെ അക്രമം അഴിച്ചു വിട്ട, ഇസ്രയേലികളെ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ ഹമാസിന്‍റെ ഉദ്ഭവം പ്രാദേശികമായ രാഷ്ട്രീയ, സാമൂഹ്യ ചരിത്ര കാരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രക്ഷുബ്ധമായ ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഇന്ന് നാം കാണുന്ന സംഘര്‍ഷം. വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും ഗാസ മുനമ്പും ഇസ്രയേല്‍ കൈയടക്കുന്നത് അഞ്ചരപ്പതിറ്റാണ്ട് മുമ്പാണ്. ഇതേത്തുടര്‍ന്നാണ് മേഖലയിലെ സുദീര്‍ഘമായ സംഘര്‍ഷങ്ങളുടെ തുടക്കം. ഈ അധിനിവേശത്തിന് ഗറില്ല യുദ്ധ മുറയിലൂടെ തിരിച്ചടിക്കാനാണ് യാസര്‍ അറാഫത്തിന്‍റെ നേതൃത്വത്തിലുള്ള പാലസ്‌തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്.
സ്വയംഭരണം ആഗ്രഹിച്ച പലസ്തീനിയര്‍ പിഎല്‍ഒയുടെ മതേതര ദേശീയതയില്‍ വലിയ തോതില്‍ ആകൃഷ്ടരായിരുന്നു. എന്നാല്‍ കാലം കടന്നു പോയതോടെ പിഎല്‍ഒയുടെ നയങ്ങള്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ തിരസ്കരിച്ചു. അറാഫത്തിന്‍റെ നേതൃത്വത്തിനെതിരെ അവരെ അണി നിരത്താന്‍ ഇസ്രയേലും ഊര്‍ജിതമായി രംഗത്തിറങ്ങി. പലസ്തീന്‍ സമൂഹത്തിനിടയില്‍ വിഭജനത്തിന്‍റെ വിത്തു വിതക്കാന്‍ പോയ ഇസ്രയേലിന്‍റെ നീക്കങ്ങളുടെ ഫലമായാണ് ശരിക്കും ഹമാസ് പിറവിയെടുത്തത്.
പലസ്തീനിന്‍റെ ആവശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്നതിന്‍റെ ഭാഗമായി യാസര്‍ അരാഫത്തിന്‍റെ പിഎല്‍ഒ നിരായുധീകരണത്തിനു വേണ്ടി നിലപാടെടുത്തപ്പോള്‍ ഹമാസ് സായുധ ആക്രമണത്തിനു വേണ്ടി ശക്തമായി നിലപാടെടുത്ത് പ്രവൃത്തിച്ചു. പതുക്കെ ഹമാസിന് പ്രാദേശിക പിന്തുണ ഏറി വന്നു. പതിയെ അവര്‍ ഇസ്രയേലിന്‍റെ കണ്ണിലെ കരടായി മാറി.
ഹിസ്ബുള്ള പോലുള്ള ഇസ്ലാമിക് ജിഹാദി സംഘടനകളുമായിച്ചേര്‍ന്നായി ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍. കാലമേറെയായി ഇസ്രയേലിനെതിരെ കരു നീക്കിയ ഇറാനും അവസരം മുതലാക്കി. ഏതാണ്ടിതേ സമയം മിഡില്‍ ഈസ്റ്റിന്‍റെ രാഷ്ട്രീയ നയതന്ത്ര ചിത്രവും മാറി മറിയുകയായിരുന്നു. അറബ് രാജ്യങ്ങള്‍ പലതും ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചു. പലസ്തീനിന്‍റെ ദീര്‍ഘ കാല ആവശ്യങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിരാകരിച്ച ഇസ്രയേല്‍ അമേരിക്കയുടെ പിന്തുണയോടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ മേഖലകളില്‍ വീണ്ടുവിചാരമില്ലാതെയുള്ള നടപടികളുമായി മുന്നേറി.
ജെറുസലേമിലെ അതിര്‍ത്തി രേഖ, ഗ്രീന്‍ ലൈന്‍, അംഗീകരിക്കണമെന്നും 1967 ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് പിന്മാറണമെന്നുമുള്ള ഐക്യരാഷ്ട്ര സഭ പ്രമേയങ്ങള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചു. ഇത്തരം നീക്കങ്ങള്‍ ഇസ്രയേലിന്‍റെ സുരക്ഷക്ക് തന്നെ ഭീഷണിയായി. ലോകം നേരിടുന്ന നാനാവിധമായ പ്രതിസന്ധികള്‍ക്കിടയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനു പിറകേ ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം കൂടി മൂര്‍ഛിക്കുമ്പോള്‍ മാനവരാശി ആപല്‍ക്കരമായ ചുഴിയിലകപ്പെടുകയാണ്.
പശ്ചിമേഷ്യയിലെ അടങ്ങാത്ത അക്രമത്തിന് അറുതി വരുത്താന്‍ ഒറ്റ മാര്‍ഗമേയുള്ളൂ. ഇന്ത്യയും രാജ്യാന്തര സമൂഹവും ചൂണ്ടിക്കാട്ടിയതു പോലെ സമാധാന ചര്‍ച്ചകളിലൂടെ നിര്‍ണ്ണയിച്ച് അംഗീകരിക്കപ്പെടുന്ന അതിര്‍ത്തികളോടെയുള്ള സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാജ്യത്തിന്‍റെ സ്ഥാപനം. ഇസ്രയേല്‍ ഈ ആവശ്യം ഗൗനിക്കുമോ എന്നുള്ളതാണ് ചോദ്യം. അവര്‍ അതിനു വഴങ്ങിയാല്‍ പശ്ചിമേഷ്യയെ മാത്രമല്ല ലോകത്തെയാകെ തുറിച്ചു നോക്കുന്ന യുദ്ധത്തിന്‍റെ കനലുകള്‍ അണയ്ക്കാന്‍ കഴിയും.