ന്യൂഡൽഹി : ചൈനയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണിയെന്നത് വ്യാജമെന്ന് ഇറാൻ. ഇറാനിലെ ടെഹ്‌റാനിൽ നിന്ന് പുറപ്പെട്ട മഹാൻ എയർ വിമാനം ചൈനയിലെ ഗാങ്‌സു വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി കമ്പനി അറിയിച്ചു.
ഇന്ത്യൻ വ്യോമാതിർത്തിയിൽ കടന്നപ്പോഴാണ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. 40 മിനിട്ടോളം ഇന്ത്യൻ വ്യോമാതിർത്തിയിൽ കറങ്ങി. ഇറാൻ അധികൃതരുടെ അനുമതി ലഭിച്ചതിന് ശേഷമാണ് ഇന്ത്യ വിട്ടത്.
എയർബസ് എ340 വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നത് സംബന്ധിച്ച സന്ദേശം തിങ്കളാഴ്ച രാവിലെ 9.20നാണ് ഡൽഹി പൊലീസിന് ലഭിച്ചത്. തുടർന്ന് ഇറാൻ വിമാനത്തെ തടയാൻ ഇന്ത്യൻ വ്യോമസേന സുഖോയ് എസ്‌യു-30എംകെഐ ഫൈറ്റർ ജെറ്റുകൾ അണിനിരത്തി. പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽ നിന്നുള്ള എസ്‌യു-30എംകെഐ ഫൈറ്റർ ജെറ്റുകളെയാണ് അണിനിരത്തിയത്.
ഇന്ത്യൻ വ്യോമസേന അസിസ്റ്റന്‍റ് റീജ്യണല്‍ ഓഫിസർമാരുമായി ഫയർ യൂണിറ്റ് അടക്കമുള്ളവ വിന്യസിച്ചു. ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ ജാഗ്രത പുലർത്തിയെന്നും ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ സഞ്ജയ് തോമർ പറഞ്ഞു. എന്നാല്‍ പിന്നീട് ഭീഷണി അവഗണിക്കാൻ ഇറാൻ ഏജൻസികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചൈനയിലേക്കുള്ള യാത്ര തുടരാൻ വിമാനത്തെ അനുവദിച്ചതെന്ന് ഐഎഎഫ് ഉദ്യോഗസ്ഥർ പറയുന്നു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകാതെ ജയ്‌പൂരിലേക്ക് തിരിച്ചുവിടാൻ എയർ ട്രാഫിക് കൺട്രോൾ നിർദേശം നൽകിയിരുന്നു. എന്നാൽ പൈലറ്റുമാർ ജയ്‌പൂരിലേക്ക് പോകാതെ ഇന്ത്യൻ വ്യോമാതിർത്തി വിടുകയാണുണ്ടായത്.