ടെഹ്‌റാന്‍ : ഹിജാബ് വിരുദ്ധ സമരം ശക്തമായ ഇറാനിൽ മതകാര്യ പൊലീസിനെ പിരിച്ചുവിട്ടു. രണ്ട് മാസത്തിലേറെ നീണ്ട സമരങ്ങൾക്കൊടുവിലാണ് ഭരണകൂടത്തിന്‍റെ സുപ്രധാനമായ തീരുമാനം. അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയെ ഉദ്ധരിച്ച് ഇറാന്‍ വാർത്താഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കപ്പെട്ട കുർദ് യുവതി മഹ്സ അമിനി (22) മര്‍ദമേറ്റതിനെ തുടര്‍ന്ന് സെപ്റ്റംബർ 16ന് മരിച്ചിരുന്നു. പിന്നാലെ, രാജ്യത്തെ വിവിധ സർവകലാശാല വിദ്യാർഥികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. തെരുവില്‍ ഹിജാബ് കത്തിച്ചും തലമുടി മുറിച്ചുമായിരുന്നു ഇവര്‍ പ്രതിഷേധം നടത്തിയത്. ശക്തമായ ഈ പ്രതിഷേധം നിലനില്‍ക്കെയാണ് മതകാര്യ പൊലീസിനെ പിരിച്ചുവിട്ടത്.