വീൽചെയറിലായ ജീവിതത്തോട് പന്തെറിഞ്ഞ് പൊരുതി; കശ്‌മീരിലെ ആദ്യ അന്താരാഷ്‌ട്ര വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരമായി യുവതി - ഇസ്രത്ത് അക്തർ
2016ൽ അപകടത്തിൽപ്പെട്ട് ഇരുകാലുകളും തളർന്ന ഇസ്രത്ത് അക്തർ ഇന്ന് അന്താരാഷ്‌ട്ര വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരം ആണ്. തായ്‌ലന്‍റിൽ നടന്ന മത്സരത്തിൽ ഇസ്രത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചു കഴിഞ്ഞു.

ബാരാമുള്ള (കശ്‌മീർ): യഥാർഥ ആഗ്രഹങ്ങൾക്ക് മുൻപിൽ പരിമിതികൾ ഒന്നും തടസമാകില്ല എന്ന് തെളിയിച്ചിരിക്കുകയാണ് കശ്‌മീരിലെ ബാരാമുള്ള സ്വദേശിനി ഇസ്രത്ത് അക്തർ. 2016ൽ അപകടത്തിൽപ്പെട്ട് ഇരുകാലുകളും തളർന്നതാണ് 24കാരിയായ ഇസ്രത്ത് അക്തറിന്. പല പ്രാവശ്യം ശസ്‌ത്രക്രിയയ്ക്ക് വിധേയമായി. എന്നാൽ കാലുകളുടെ ശേഷി തിരികെ ലഭിച്ചില്ല. അന്നുമുതൽ വീൽചെയറിലാണ് ഇസ്രത്തിന്‍റെ ജീവിതം.
അപകടം നടന്ന് ഒരു വർഷത്തോളം ഇസ്രത്തിന് വീട്ടിൽതന്നെ കഴിച്ചു കൂട്ടേണ്ടിവന്നു. കഷ്‌ടപ്പാടുകൾ നിറഞ്ഞ വർഷമായിരുന്നു ഇസ്രത്തിന് അത്. ഇനി ഒരിക്കലും നടക്കാനാകില്ലെന്ന തിരിച്ചറിവും വീട്ടിലെ ബുദ്ധിമുട്ടുകളും ഇസ്രത്തിനെ വിഷാദത്തിലേക്ക് നയിച്ചു.
എന്നാൽ അവിചാരിതമായി ഒരിക്കൽ ശ്രീനഗറിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തപ്പെട്ടത് ഇസ്രത്തിന്‍റെ ജീവിതം മാറ്റിമറിച്ചു. സ്റ്റേഡിയത്തിൽ നടന്ന വീൽചെയർ ബാസ്‌കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതാണ് ഇസ്രത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. വീൽചെയർ ബാസ്‌കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അവളെ ദേശീയ തലത്തിൽ തെരഞ്ഞെടുത്തു.
ഇപ്പോൾ കശ്‌മീരിലെ ആദ്യത്തെ അന്താരാഷ്‌ട്ര വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇസ്രത്ത് അക്തർ. രണ്ട് തവണ ദേശീയ തലത്തിലും ഒരുതവണ തായ്‌ലന്‍റിൽ നടന്ന മത്സരത്തിലും അന്താരാഷ്‌ട്ര തലത്തിലും ഇസ്രത്ത് രാജ്യത്തെ പ്രതിനിധീകരിച്ചു കഴിഞ്ഞു.
വീൽചെയർ ബാസ്‌കറ്റ്‌ബോൾ താരമാകാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിയുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഇസ്രത്ത് അക്തർ ഇടിവി ഭാരതിനോട് പറഞ്ഞു. ബാരാമുള്ളയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പരിശീലനത്തിനായി സ്ഥിരമായി ട്രെയിനിൽ ശ്രീനഗറിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും ഇസ്രത്ത് പറയുന്നു.