ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വൈറലായി എയര്‍ ഹോസ്‌റ്റസും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഇസ്‌താംബുള്‍ - ഡല്‍ഹി വിമാനത്തിലെ യാത്രക്കാരനും എയര്‍ ഹോസ്‌റ്റസും തമ്മിലാണ് തര്‍ക്കമുണ്ടായത്. പരിമിതമായ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ "നിങ്ങൾ മിണ്ടാതിരിക്കൂ. ഞാൻ നിങ്ങളുടെ വേലക്കാരിയല്ല" എന്ന് എയര്‍ ഹോസ്‌റ്റസ് പറയുന്നതായും കാണാം.
വല്ലാത്തൊരു തര്‍ക്കം: "നീ എനിക്കു നേരെ വിരല്‍ ചൂണ്ടി എന്നോട് അലറുന്നു. നിങ്ങള് കാരണം എന്‍റെ സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. ഈ ഫ്‌ളൈറ്റില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ഭക്ഷണം മാത്രമാണുള്ളതെന്ന് നിങ്ങള്‍ ദയവു ചെയ്‌ത് മനസിലാക്കണം. നിങ്ങള്‍ക്ക് അനുവദിച്ചത് മാത്രമെ നിങ്ങള്‍ക്ക് നല്‍കാനാവുകയുള്ളു" എന്ന് എയര്‍ ഹോസ്‌റ്റസ് പറയുന്നതായി വീഡിയോയില്‍ കാണാം. എയര്‍ ഹോസ്‌റ്റസിനെ തടസപ്പെടുത്തിക്കൊണ്ട് "നിങ്ങള്‍ എന്തിനാണ് അലറുന്നത്" എന്ന് യാത്രക്കാരനും ചോദിക്കുന്നത് കേള്‍ക്കാം. അതേസമയം യാത്രക്കാരനുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുന്ന എയര്‍ ഹോസ്‌റ്റസിനെ വീഡിയോയില്‍ കാണാമെങ്കിലും തര്‍ക്കത്തിലേര്‍പ്പെട്ട യാത്രക്കാരന്‍ ദൃശ്യങ്ങളിലില്ല.
ശാന്തനാകൂ...: ഇതിനിടയില്‍ വിമാനത്തിലെ മറ്റൊരു ജീവനക്കാരിയെത്തി ഇരുവരെയും സമാധാനിപ്പിക്കുന്നത് കാണാം. ഈ സമയത്ത് എയര്‍ ഹോസ്‌റ്റസ് യാത്രക്കാരനോട് "എന്നോട് ക്ഷമിക്കണം സർ, ജീവനക്കാരോട് നിങ്ങൾ ഇങ്ങനെ സംസാരിക്കാൻ പാടില്ല. എല്ലാ ബഹുമാനത്തോടെയും ഞാൻ നിങ്ങളെ സമാധാനത്തോടെ കേൾക്കുന്നു. നിങ്ങളും ജീവനക്കാരെ ബഹുമാനിക്കണം" എന്ന് സംസാരം തുടരുന്നുണ്ട്. എന്നാല്‍ "ഞാന്‍ എപ്പോഴാണ് നിങ്ങളോട് അനാദരവ് കാണിച്ചതെന്ന്" യാത്രക്കാരന്‍ അവരെ തടസ്സപ്പെടുത്തുന്നു. ഈ സമയത്ത് കാര്യങ്ങള്‍ കൂടുതലായി വിശദീകരിക്കാന്‍ ശ്രമിക്കുന്ന എയര്‍ ഹോസ്‌റ്റസിനോട് യാത്രക്കാരന്‍ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് കേള്‍ക്കുന്ന എയര്‍ ഹോസ്‌റ്റസ് "നിങ്ങൾ മിണ്ടാതിരിക്കൂ" എന്ന് ആവശ്യപ്പെടുന്നതായി കാണാം.
രമ്യതയിലേക്ക്: താൻ തന്‍റെ ജോലി ചെയ്യുന്ന കേവലം ഒരു ജോലിക്കാരി മാത്രമാണെന്നും അവര്‍ തുടർന്നും വിശദീകരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു വേലക്കാരിയാണെന്നായിരുന്നു യാത്രക്കാരന്‍റെ പ്രതികരണം. ഈ സമയത്താണ് എയര്‍ ഹോസ്‌റ്റസ് ഇടപെട്ടുകൊണ്ട് താന്‍ ഒരു ജീവനക്കാരിയാണെന്നും അല്ലാതെ നിങ്ങളുടെ ജോലിക്കാരിയല്ലെന്നും പറയുന്നത്. അതിനിടയില്‍ മറ്റൊരു ജീവനക്കാരി ഇടപെട്ട് എയര്‍ ഹോസ്‌റ്റസിനെ വിമാനത്തിന്‍റെ പിറകിലേക്ക് കൊണ്ടുപോയി പ്രശ്‌നം ശാന്തമാക്കുന്നതായും കാണാം.
വിശദീകരണവുമായി കമ്പനി: സംഭവത്തില്‍ മറുപടിയുമായി ഇന്‍ഡിഗോയും രംഗത്തെത്തി. "2022 ഡിസംബർ 16-ന് ഇസ്‌താംബുളിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 12 ഫ്ലൈറ്റിൽ നടന്ന സംഭവത്തെക്കുറിച്ച് തങ്ങൾക്കറിയാമെന്നും കോഡ്ഷെയർ കണക്ഷന്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാർ തെരഞ്ഞെടുത്ത ഭക്ഷണവുമായി ബന്ധപ്പെട്ടതാണ് പ്രശ്‌നമെന്നും കമ്പനി പ്രസ്‌താവനയില്‍ അറിയിച്ചു.
ഇൻഡിഗോ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മര്യാദയുള്ളതും തടസരഹിതവുമായ അനുഭവം നൽകുക എന്നത് ഞങ്ങളുടെ നിരന്തര പരിശ്രമമാണെന്നും കമ്പനി അറിയിച്ചു. മാത്രമല്ല സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഉപഭോക്താക്കളുടെ സൗകര്യങ്ങൾക്കാണ് എല്ലായ്‌പ്പോഴും തങ്ങളുടെ മുൻഗണനയെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.