ന്യൂയോർക്ക്: ഇന്ത്യന്‍വംശജരായ ദമ്പതിമാരെയും മകളെയും യുഎസിൽ മരിച്ചനിലയില്‍ കണ്ടെത്തി. രാകേഷ് കമാൽ (57), ഭാര്യ ടീന (54), ഇവരുടെ 18 വയസുള്ള മകൾ അരിയാന എന്നിവരെയാണ് അമേരിക്കൻ സംസ്ഥാനമായ മസാച്യുസെറ്റ്‌സിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത് (Indian-origin couple, daughter found dead at their US home). ബോസ്റ്റണ് സമീപത്തുള്ള ഡോവറിലെ വീട്ടിൽ വ്യാഴാഴ്‌ച രാത്രി 7:30 ഓടെയാണ് കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോർഫോക്ക് ഡിസ്‌ട്രിക്റ്റ് അറ്റോർണി (ഡിഎ) മൈക്കൽ മോറിസി അറിയിച്ചു.
മസാച്ചുസെറ്റ്‌സിന്‍റെ തലസ്ഥാനമായ ബോസ്റ്റൺ നഗരത്തിന്‍റെ തെക്കുപടിഞ്ഞാറായി ഏകദേശം 32 കിലോമീറ്റർ അകലെയാണ് ഇവർ താമസിക്കുന്ന ഡോവർ. അതേസമയം ഗാര്‍ഹികപീഡന സാധ്യത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ജില്ല അറ്റോർണി പറഞ്ഞു. രാകേഷിന്‍റെ മൃതദേഹത്തിനരികെ തോക്ക് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
എന്നാൽ മൂന്ന് കുടുംബാംഗങ്ങളും വെടിയേറ്റ് മരിച്ചതാണോയെന്ന് എന്ന് മോറിസെ വ്യക്തമാക്കിയില്ലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. മരണകാരണം വ്യക്തമാകണമെങ്കില്‍ മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്. മെഡിക്കൽ എക്‌സാമിനറുടെ വിധിക്കായി കാത്തിരിക്കുകയാണെന്ന് മോറിസി വ്യക്തമാക്കി. ഈ ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കില്ലെന്നും ജില്ല അറ്റോർണി സൂചിപ്പിച്ചു.
അതേസമസം ഇവരുടെ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി രാകേഷിന്‍റെയോ കുടംടുംബത്തിന്‍റെയോ വിവരമൊന്നും ഇല്ലാത്തതിനെ തുടർന്ന് തിരക്കിയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ടീനയും ഭര്‍ത്താവും 'എജ്യുനോവ' എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. 2016ല്‍ ആരംഭിച്ച സ്ഥാപനത്തിന്‍റെ പ്രവർത്തനം 2021 ഡിസംബറില്‍ നിലച്ചു. ദമ്പതിമാർക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.
ദമ്പതികൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി ഓൺലൈൻ രേഖകൾ വ്യക്തമാക്കുന്നുവെന്ന് ജില്ല അറ്റോർണി അറിയിച്ചു. അന്വേഷണം വളരെ പ്രാഥമിക ഘട്ടത്തിലാണെങ്കിലും, ഇപ്പോൾ ലഭ്യമായ തെളിവുകൾ അനുസരിച്ച് പുറത്തുനിന്നുള്ള ഒരു അക്രമണത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
സമ്പന്നർ താമസിക്കുന്ന പ്രദേശമായതിനാൽ സുരക്ഷ ശക്തമാണെന്നും പുറമേ നിന്നുള്ള ആക്രമണത്തിന് സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. 2020 മുതൽ ഡോവറിൽ ഇത്തരത്തിൽ ഒരു കേസും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് മോറിസി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജില്ല അറ്റോർണി പറഞ്ഞു.
11 കിടപ്പ് മുറികളുമുള്ള 5.45 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. എന്നാൽ ഒരു വർഷം മുമ്പ് ഈ വീട് ജപ്‌തി ചെയ്യപ്പെടുകയും മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വിൽസൺഡേൽ അസോസിയേറ്റ്സ് എൽഎൽസിക്ക് 3 മില്യൺ യുഎസ് ഡോളറിന് വിറ്റതായും ദി പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
എജ്യുനോവ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ബോസ്റ്റൺ യൂണിവേഴ്‌സിറ്റി, എംഐടി സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ പൂർവ വിദ്യാർഥിയായിരുന്നു മരണപ്പെട്ട രാകേഷ് കമാൽ. എജ്യുനോവയ്‌ക്ക് മുമ്പ്, വിദ്യാഭ്യാസ-കൺസൾട്ടിംഗ് മേഖലയിൽ അദ്ദേഹം നിരവധി എക്‌സിക്യൂട്ടീവ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഹാർവാർഡ് പൂർവ വിദ്യാർത്ഥിയായിരുന്ന ടീനയെ മസാച്യുസെറ്റ്‌സിലെ അമേരിക്കൻ റെഡ് ക്രോസിന്‍റെ ഡയറക്‌ടർ ബോർഡിൽ ഒരാളായും പട്ടികപ്പെടുത്തിയിട്ടുണ്ട്. ദമ്പതികളുടെ മകൾ വെർമോണ്ടിലെ ഒരു സ്വകാര്യ ലിബറൽ ആർട്‌സ് സ്‌കൂളായ മിഡിൽബറി കോളജിലെ വിദ്യാർഥിനിയായിരുന്നു.