അരിസോണ : അമേരിക്കയിലെ അതിശൈത്യത്തിലും കനത്ത മഞ്ഞുവീഴ്‌ചയിലും മരിച്ചവരിൽ ഇന്ത്യക്കാരും. ആന്ധ്രാപ്രദേശ് സ്വദേശികളായ മുദ്ദന നാരായണ(40), ഭാര്യ ഹരിത(36), കുടുംബ സൂഹൃത്ത് ഗോകുൽ മാഡിഷെട്ടി(47) എന്നിവരാണ് മരിച്ചത്. അരിസോണയിലെ കൊക്കോനിനോ കൗണ്ടിയിലെ തണുത്തുറഞ്ഞ വുഡ്‌സ് കാന്യോൺ തടാകത്തില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ മഞ്ഞുപാളി അടർന്ന് ഇവർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഏഴ് വർഷമായി അരിസോണയിലാണ് ദമ്പതികൾ താമസിക്കുന്നത്. തിങ്കളാഴ്‌ച അവധി ദിവസമായതിനാൽ മക്കളായ പൂജിത(12), ഹർഷിത(10) എന്നിവരോടൊപ്പം അടുത്തുള്ള തടാകത്തിലേക്ക് യാത്ര പോയതായിരുന്നു കുടുംബം. അതിശൈത്യത്തിൽ മേൽഭാഗം മഞ്ഞുപാളിയായി മാറിയ തടാകത്തിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ പാളി തകർന്ന് മൂന്ന് പേരും തണുത്തുറഞ്ഞ തടാകത്തിലേക്ക് വീഴുകയായിരുന്നു.
കാറിനുള്ളിലിരുന്നതിനാലാണ് കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഹരിതയെ തടാകത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നടത്തിയ തെരച്ചിലിൽ ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് മുദ്ദന നാരായണയുടേയും ഗോകുലിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്താനായത്.
ഈ വർഷം ജൂണിലാണ് ഒടുവിലായി മുദ്ദന നാരായണയും കുടുംബവും ജന്മനാടായ ഗുണ്ടൂർ ജില്ലയിലെ പാലപ്പാറുവിലെത്തിയത്. അപകട ദിവസം മുദ്ദന നാരായണയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പിതാവ് വെങ്കിട സുബ്ബറാവു പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് മഞ്ഞ് കുറവാണെന്നും അവധി ആയതിനാൽ പുറത്ത് പോവുകയാണെന്നും മകന്‍ സൂചിപ്പിച്ചിരുന്നതായും പിതാവ് വിശദീകരിച്ചു.