ന്യൂഡൽഹി: ഇന്ത്യ ശ്രീലങ്കയ്ക്ക് ജല പീരങ്കി വിതരണം ചെയ്‌തുവെന്ന വാർത്ത വസ്‌തുതാവിരുദ്ധമെന്ന് കേന്ദ്രസർക്കാർ. ഇത്തരം തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യം നൽകുന്ന സഹായങ്ങളും സഹകരണവും ഇല്ലാതാക്കാനാണ് എന്നും കേന്ദ്രം പറഞ്ഞു. ശ്രീലങ്ക നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനാണ് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്‌തുക്കളും നൽകി സഹായിക്കാനാണ് 1 ബില്യൺ യുഎസ് ഡോളറിന്‍റെ ക്രെഡിറ്റ് ലൈൻ ഉദ്ദേശിക്കുന്നതെന്ന് ഹൈകമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യ വിപുലീകരിച്ച ഏതെങ്കിലും ക്രെഡിറ്റ് ലൈനുകൾക്ക് കീഴിലും ജലപീരങ്കി സംവിധാനങ്ങൾ ഇന്ത്യ ശ്രീലങ്കൻ സർക്കാരിന് നൽകിയിട്ടില്ലെന്ന് ഹൈക്കമ്മീഷൻ ട്വീറ്റിൽ കുറിച്ചു. ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയ വസ്‌തുക്കളുടെ വിശദാംശങ്ങളും ഹൈക്കമ്മീഷൻ പുറത്തിറക്കി. ശ്രീലങ്കയുടെ ഭക്ഷണം, ആരോഗ്യം, ഊർജ്ജ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി മാർച്ച് 17 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന ശ്രീലങ്കൻ ഗവൺമെന്‍റിന് 1 ബില്യൺ യുഎസ് ഡോളറിന്‍റെ ഇളവുള്ള വായ്‌പ ഇന്ത്യ ഗവൺമെന്‍റ് നൽകി.
കൂടാതെ, അരി, ചുവന്ന മുളക് തുടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ ഇതിനോടകം തന്നെ വിതരണം ചെയ്‌തിട്ടുണ്ട്. സർക്കാരിന്‍റെയും ജനങ്ങളുടെയും മുൻഗണന അടിസ്ഥാനമാക്കി പഞ്ചസാര, പാൽപ്പൊടി, ഗോതമ്പ്, മരുന്നുകൾ, ഇന്ധനം, വ്യാവസായിക അസംസ്‌കൃത വസ്‌തുക്കൾ എന്നിവയുടെ വിതരണത്തിനുള്ള മറ്റ് നിരവധി കരാറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക ഇപ്പോൾ വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. അവശ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്യാൻ സർക്കാരിന് പണമില്ലാതെ വന്നതോടെ ഏപ്രിൽ 9 മുതൽ ശ്രീലങ്കൻ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയർന്നതും ഇന്ധനം, മരുന്നുകൾ, വൈദ്യുതി വിതരണം എന്നിവയിൽ രൂക്ഷമായ ക്ഷാമം അനുഭവപ്പെടുകയും ചെയ്‌തത് രാജ്യത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടി.
കൊവിഡിന് ശേഷം ദ്വീപ് രാഷ്ട്രത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്‌തുവെന്ന സമ്മർദ്ദം ശക്തമായിട്ടും പ്രസിഡന്‍റ് ഗോതബയ രാജപക്‌സെയും അദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയും സ്ഥാനമൊഴിയാൻ വിസമ്മതിച്ചിരുന്നു. ഒരു മാസത്തിനിടെ ശ്രീലങ്കയിൽ രണ്ട് അടിയന്തരാവസ്ഥകൾ പ്രഖ്യാപിച്ചു. പ്രസിഡന്‍റിന്‍റെയും സർക്കാരിന്‍റെയും രാജി ആവശ്യപ്പെട്ട് ഇപ്പോഴും പ്രതിഷേധം ശക്തമാണ്.
ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി ഇത്രയും ഗുരുതരാവസ്ഥയിൽ എത്തിച്ചതിൽ രാജപക്സെ കുടുംബത്തിന്‍റെ പങ്ക് കുറച്ചുകാണാനാവില്ല എന്നാണ് ഉയർന്നുവരുന്ന വിമർശനം.