ന്യൂഡൽഹി : ഭൂകമ്പം ദുരിതം വിതച്ച സിറിയയ്ക്ക് അവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെ ആറ് ടൺ ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ഇന്ത്യ. ചൊവ്വാഴ്‌ച രാത്രി C-130ജെ മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ അയച്ച ചരക്കുകൾ ബുധനാഴ്‌ച രാവിലെ ഇന്ത്യയുടെ ചാർജ് അഫയേഴ്‌സ് എസ് കെ യാദവ് സിറിയൻ അധികാരികൾക്ക് കൈമാറി. മരുന്നുകള്‍ കൂടാതെ പോർട്ടബിൾ ഇസിജി മെഷീനുകളും പേഷ്യന്‍റ് മോണിറ്ററുകളും സഹിതമാണ് ഇന്ത്യൻ സംഘം സിറിയയിലെത്തിയത്.
തുര്‍ക്കിയില്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യസംഘം ചൊവ്വാഴ്‌ച തന്നെ എത്തിച്ചേർന്നിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) 50 ലധികം ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിങ് മെഷീനുകൾ, സഹായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ തുര്‍ക്കിയിലെത്തിച്ചത്.
ഇന്ത്യൻ രക്ഷാസേനയുടെ രണ്ടാം സംഘവും ഇന്ന് തുർക്കിയിൽ എത്തിച്ചേരും. രാജ്യത്തിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം തുർക്കിയിലേക്ക് തിരിച്ചത്. ഇതുവരെ 102 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ത്യ തുർക്കിയിലേക്ക് എത്തിച്ചത്.
അതേസമയം 24ഓളം രാജ്യങ്ങളാണ് സിറിയയിലേയും തുർക്കിയിലേയും രക്ഷാപ്രവർത്തനത്തിൽ നേരിട്ട് പങ്കാളികളായത്. 60 ൽ അധികം രാജ്യങ്ങൾ സഹായം വാഗ്‌ദാനം ചെയ്‌തും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇരുരാജ്യങ്ങളിലുമായി മരണ സംഖ്യ 11,000 കടന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.