കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കക്ക് പിന്തുണയുമായി ഇന്ത്യ. പുതിയ സംരംഭത്തിന്‍റെ ഭാഗമായി ഇന്ത്യ ലങ്കയിലേക്ക് 65,000 മെട്രിക് ടൺ യൂറിയ കയറ്റുമതി ചെയ്യും. ഇന്ത്യയിലെ ശ്രീലങ്കൻ ഹൈക്കമ്മിഷണർ മിലിന്ദ മൊറഗോഡ, ഇന്ത്യയുടെ രാസവള വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ ചതുർവേദിയുമായി വ്യാഴാഴ്‌ച നടത്തിയ ചർച്ചയിൽ വിഷയം അവതരിപ്പിച്ചതായി ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്‌തു.
യൂറിയ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് മൊറഗോഡ നന്ദിയറിയിച്ചു. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള രാസവളങ്ങൾ നിലവിലുള്ള ക്രെഡിറ്റ് ലൈൻ വഴിയും അതില്‍ കൂടുതലും തുടർച്ചയായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്‌തു. ജൈവകൃഷിയിലേക്ക് കടക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീലങ്കൻ സർക്കാർ കഴിഞ്ഞ വർഷം രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ചിരുന്നു.
പക്ഷേ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ജൈവ വളങ്ങളുടെ അപര്യാപ്‌തമായ വിതരണവും കാർഷികോത്പാദനത്തെ സാരമായി ബാധിച്ചു. ഇതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധനം പിന്‍വലിക്കുകയും രാസവളം കയറ്റുമതി ചെയ്യാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയുമായിരുന്നു. കൂടാതെ, ഈ വർഷം മുതല്‍, ശ്രീലങ്കക്ക് വായ്‌പകൾ, ക്രെഡിറ്റ് സ്വാപ്പുകൾ, ക്രെഡിറ്റ് ലൈനുകൾ എന്നിവ വഴി 3 ബില്യൺ യുഎസ് ഡോളർ നൽകുമെന്നും ഇന്ത്യ ഉറപ്പു നല്‍കി. പുതിയ ശ്രീലങ്കൻ സർക്കാരിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും ഇന്ത്യ പ്രകടിപ്പിച്ചു.
Also Read 'രാജ്യം ലങ്കൻ ജനതയ്‌ക്കൊപ്പം'; ശ്രീലങ്കയ്ക്ക് കൂടുതൽ സഹായ വാഗ്‌ദാനവുമായി ഇന്ത്യ