ന്യൂഡല്‍ഹി: വിവിധ ഉഭയകക്ഷി വിഷയങ്ങളില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ സമഗ്രമായ ചര്‍ച്ച നടന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍(സിഇപിഎ) ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ഇരു പ്രധാനമന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് കരാറുകളിലും ഒപ്പുവച്ചു.
ഡല്‍ഹിയിലെ ഹൈദരബാദ് ഹൗസില്‍വച്ച് നടന്ന പ്രതിനിധി തല ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഈ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ഈട് നില്‍ക്കുന്ന വിതരണ ശൃംഖല സ്ഥാപിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ തീരുമാനിച്ചതായി ചര്‍ച്ചയുടെ പ്രധാന തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയി മോഹന്‍ ക്വത്ര പറഞ്ഞു.
"ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. മഹാമാരിയുണ്ടായിട്ട് പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോഡായ 18 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപരത്തിലെ ഈ ഒരു വേഗം നിലനിര്‍ത്തുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കാരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ഇരു നേതാക്കളും നിര്‍ദേശിച്ചു. ഏറ്റവും കുറഞ്ഞ പുരോഗതി കൈവരിച്ച രാജ്യ പദവിയില്‍ നിന്ന്(LDC status) ബംഗ്ലാദേശ് മുന്നേറുന്നതിന് മുന്നോടിയായി ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കണമെന്നും ഇരു നേതാക്കളും നിര്‍ദേശിച്ചു," ക്വത്ര കൂട്ടി ചേര്‍ത്തു.
സുരക്ഷയില്‍ സഹകരണം ശക്‌തമാക്കും: മേഖലയിലേയും ആഗോളവുമായ രാഷ്‌ട്രീയ സാഹചര്യങ്ങളും ഇരു നേതാക്കളും ചര്‍ച്ചചെയ്‌തു. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളിലേയും സാമ്പത്തിക അഭിവൃദ്ധി കാത്ത് സൂക്ഷിക്കാന്‍ മേഖല തലത്തിലും ആഗോള തലത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹരിക്കേണ്ടതിന്‍റെ പ്രധാന്യം സംബന്ധിച്ച് ഇരു നേതാക്കളും തമ്മില്‍ യോജിപ്പ് പ്രകടിപ്പിച്ചെന്നും വിദേശ കാര്യ സെക്രട്ടറി വ്യക്തമാക്കി. സുരക്ഷ സഹകരണം, ഊര്‍ജ സഹകരണം, നദീദജല സഹകരണം, വ്യാപാര സാമ്പത്തിക സഹകരണം, ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയില്‍ ഇരു നേതാക്കളും തമ്മില്‍ വിശദമായ ചര്‍ച്ച നടന്നു.
ഇരു രാജ്യങ്ങളും സംയ്‌കുതമായി നടപ്പാക്കുന്ന മയിത്രി വൈദ്യുതി പ്ലാന്‍റിന്‍റെ യൂണിറ്റ് 1, രൂപ്‌ഷ പാലം എന്നിവയുടെ ഉദ്ഘാടനം ഇരു നേതാക്കളും സംയുക്തമായി നിര്‍വഹിച്ചു. ജലവിഭവം, റെയില്‍വെ, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഇരു പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പുവയ്‌ക്കപ്പെട്ടു.
രാജ്യ സുരക്ഷ, തീവ്രവാദ വിരുദ്ധ നടപടികള്‍, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. ബംഗ്ലാദേശിലെ റെയില്‍വെ അടിസ്ഥാന സൗകാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു പ്രധാനമന്ത്രിമാരു ചര്‍ച്ചയില്‍ തീരുമാനിച്ചു.