നേതാക്കളെ തൂക്കിക്കൊല്ലുക, നാടുകടത്തുക, തുറുങ്കിലടയ്‌ക്കുക, വീട്ടുതടങ്കലിലിടുക ഇവയൊക്കെ പാകിസ്ഥാന്‍റെ ചരിത്രത്തിലെ സവിശേഷതകളാണ്, ഒരിക്കലും അവസാനിക്കാത്ത 'പ്രതിഭാസങ്ങളുമാണ്'. മെയ് ഒന്‍പതിന് ഇസ്‌ലാമബാദ് ഹൈക്കോടതിയിൽ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതോടെയാണ് പുതിയൊരു ചരിത്രം കൂടി പാക് ഭൂമിക രേഖപ്പെടുത്തിയത്. അദ്ദേഹത്തിനെതിരായി ഉയര്‍ന്ന അഴിമതിക്കേസില്‍ കോടതിയിൽ ഹാജരാക്കിയ സമയത്താണ് സൈന്യത്തിന്‍റെ ഈ നിര്‍ണായക നീക്കം. മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്‌തത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിവിഐപി അറസ്റ്റുമായി മാറി.
'ഓമന പുത്രന്‍' ശത്രുവായി, ഒടുവില്‍..! : ഈ വർഷം അവസാനമാണ് പാകിസ്ഥാനില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് അധികാരത്തിനായുള്ള വടംവലി ശക്തമാണ്. തങ്ങളുടെ മുഖ്യ എതിരാളിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇൻസാഫിന്‍റെ (പിടിഐ) 'നെടുംതൂണിനെ' മാറ്റിനിര്‍ത്താനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിലവിലെ ഭരണകൂടം എല്ലാ ശ്രമങ്ങളും നടത്തും. തോഷഖാന ഉൾപ്പടെയുള്ള കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശിക്ഷ ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് ക്രീസില്‍ നിന്നും മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ ഔട്ടാവും. കൂടാതെ നിലവിലെ ഭരണകൂടം രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്‌ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ കഴിയില്ലെന്നതും വസ്‌തുതയാണ്.
READ MORE | പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ
മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മുൻകൂട്ടിക്കണ്ട് ഇമ്രാന്‍റെ പിടിഐ ഒരു കളി കളിച്ചിരുന്നു. നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി ശക്തിയുക്തം വാദിക്കുക എന്നതായിരുന്നു ഇത്. എന്നാല്‍, സർക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായി വാദിച്ചതോടെ ആ നീക്കവും അസ്ഥാനത്തായി. ഒരു കാലത്ത് പാകിസ്ഥാൻ പട്ടാളത്തിന്‍റെ ഓമന പുത്രനായിരുന്നു ഇമ്രാൻ ഖാൻ. എന്നാല്‍, ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം പട്ടാളം ഇമ്രാനെ നിലവില്‍ മൂലക്കിരുത്തി എന്ന് പറയുന്നതാവും ശരി. ഒരുകാലത്ത് ഇമ്രാനോട് അടുപ്പം കാണിച്ച അഫ്‌ഗാനിസ്ഥാനിലെ താലിബാൻ പോലും ഇമ്രാനോട് പുറം തിരിഞ്ഞുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം ഇത് പ്രകടമായിരുന്നു.
ചൈനയുടെ 'മിണ്ടാപ്പൂച്ച' നയത്തിന് പിന്നില്‍ ? : കമ്യൂണിസ്റ്റ് രാജ്യത്തിന്‍റെ കണ്ണുവെട്ടിച്ചെത്തിയ ഉയ്‌ഗർ വിഷയത്തില്‍ ചൈനീസ് സർക്കാരിന് പരിഹാരം നിർദേശിച്ചത് ഇമ്രാന്‍റെ സർക്കാരാണ്. ഈ സമയത്ത് ഇമ്രാനെ ചൈന പ്രശംസിക്കുകയുമുണ്ടായി. പുതിയ സംഭവവികാസങ്ങളിലടക്കം മൗനത്തിലിരിക്കുന്ന ചൈന, പാക്കുമായുള്ള സജീവ പങ്കാളിത്തം ഒഴിവാക്കാനാണോ ഈ 'മിണ്ടാപ്പൂച്ച' നയം സ്വീകരിക്കുന്നതെന്ന സംശയമുയരുന്നുണ്ട്. പാകിസ്ഥാനിൽ സംഭവിക്കുന്ന കാര്യങ്ങള്‍ പുതുമയുള്ളതല്ലെന്നും ഈ സാഹചര്യം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തോതിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും ചൈന മനസിലാക്കിയിട്ടുമുണ്ട്.
സമകാലികരാല്‍ 'പണി' കിട്ടിയതില്‍ ഉദാഹരണങ്ങള്‍ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയെന്ന ഉന്നത നേതാവിനെ ജയിലിലടയ്ക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌ത സംഭവം മുന്‍പുണ്ടായിട്ടുണ്ട്. അഹമ്മദ് റാസ ഖാനെ വധിക്കാൻ പദ്ധതിയിട്ട കേസിലായിരുന്നു ഈ വിധി. റാസയെ കൊല്ലാൻ ലക്ഷ്യമിട്ടുള്ള രഹസ്യ ആക്രമണത്തിൽ അദ്ദേഹത്തിന്‍റെ പിതാവ് മുഹമ്മദ് അഹമ്മദ് ഖാൻ കസൂരിയാണ് കൊല്ലപ്പെട്ടത്. വധശ്രമത്തിൽ നിന്ന് അഹമ്മദ് റാസ തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു.
പുറമെ, സർക്കാരിനെതിരെ തിരിഞ്ഞതിന് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തേക്ക് ജയിലിലടയ്ക്കുകയും ചെയ്‌തു. മറ്റൊരു പ്രധാന നേതാവായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഹുസൈൻ സുഹ്‌റവർദിയെ സൈനിക ഭരണത്തിനെതിരെ നിന്നതിന് തടവിലടച്ചു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ജനറൽ പർവേസ് മുഷറഫ് നാടുകടത്തിയത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. പ്രവാസജീവിതം നയിച്ചിരുന്ന മുഷറഫ് ഈ വര്‍ഷം ഫെബ്രുവരിയിൽ ദുബായിൽവച്ചാണ് മരിച്ചത്.
READ MORE | പാകിസ്ഥാനെ കലാപഭൂമിയാക്കി പിടിഐ പ്രവര്‍ത്തകര്‍ ; സൈനിക ആസ്ഥാനത്ത് ഇരച്ചുകയറി ആക്രമണം
ഫ്രാൻസ് ഫെനോണിന്‍റെ 'ഭൂമിയുടെ നാശം' എന്ന പുസ്‌തകത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. 'അടിച്ചമർത്തപ്പെട്ടവന്‍റെ ആഗ്രഹം വേട്ടക്കാരനാവുക എന്നതാണ്.' മറ്റുള്ളവരെ പീഡിപ്പിക്കുകയും അവരുടെ സമകാലികരാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട ഒരു ചരിത്രം കൂടി പേറുന്ന ഇടമാണ് പാക് മണ്ണ്. രാജ്യം ഭരിച്ച പല പ്രമുഖരുടെയും കാര്യമെടുത്താല്‍ ഈ വാചകം നൂറുശതമാനം സത്യവുമാണ്.
'ഇമ്രാന്‍റെ ഗതി' തുടര്‍ന്നാല്‍ എന്ത് സംഭവിക്കും..?: രാജ്യത്തിന്‍റെ വൻ കടബാധ്യതകളും തുടർന്നുള്ള പണപ്പെരുപ്പവും കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഏകദേശം 47 ശതമാനമായി ഉയർന്നിരുന്നു. ഇതിനിടയില്‍ക്കൂടിയുണ്ടായ പാകിസ്ഥാനിലെ നിലവിലെ സാഹചര്യം രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവിലെ പ്രതിസന്ധി കാരണം സാമ്പത്തിക സഹായത്തിനായി ഐഎംഎഫുമായുള്ള ചര്‍ച്ച പോലും സ്‌തംഭിച്ച സ്ഥിതിയാണ്. ഡോളറിനെതിരെ പാക് കറൻസി മൂല്യം ഇന്നലെ 290 രൂപയായിരുന്നു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയിൽ ഇമ്രാനെ എട്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് ശേഷമുള്ള രാഷ്‌ട്രീയ പ്രതിസന്ധിയും അക്രമവും രക്തച്ചൊരിച്ചിലിനും വലിയ അക്രമത്തിലേക്കും നയിച്ചു.
പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺ ഖ്വ, ബലൂചിസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇമ്രാന്‍റെ പിടിഐക്ക് വലിയ സ്വാധീനമുണ്ട്. ഇമ്രാന്‍ തടങ്കലില്‍ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതല്‍ വഷളാവും. നിലനിൽപ്പിന് തന്നെ ഭീഷണിയുള്ള ഒരു നിർണായക ഘട്ടത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോവുന്നത്. അഫ്‌ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വവുമായി നിലവിലെ പാക് സൈനിക നേതൃത്വത്തിന് അടുപ്പവും കെപികെയിലേയും (ഖൈബർ പഖ്‌തൂൺഖ്വ) ബലൂചിസ്ഥാനിലേയും ഗോത്രമേഖലകളില്‍ ഇമ്രാന് സ്വാധീനവുമുള്ള സ്ഥിതിയാണുള്ളത്. ഇത് കണക്കിലെടുക്കുമ്പോൾ, പാക് മണ്ണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നയതന്ത്രപരമായി നിർണായകമാണ്.
ശ്രദ്ധതിരിക്കാന്‍ അതിര്‍ത്തി പ്രശ്‌ന 'പരിഹാരം'..! : ട്രൈബൽ ബെൽറ്റിലെ എന്തെങ്കിലും തരത്തിലുള്ള മാറ്റം സിപിഇസിയെ (ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ) ബാധിക്കുമെന്നതിനാൽ ചൈന നേരിട്ട് കൈ കടത്താതിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. നിലവിലെ സൈനിക നേതൃത്വം ഇപ്പോഴുള്ള പ്രതിസന്ധി രൂക്ഷമാകാതിരിക്കാൻ ശ്രദ്ധിച്ചേക്കും. അതിനായി, നിയന്ത്രണരേഖയിലേക്ക് രാജ്യത്തിന്‍റെ 'ശ്രദ്ധ' മാറ്റാനിടയുണ്ട്. കാര്യങ്ങള്‍ എങ്ങനെ മാറിമറിയുന്നുവെന്ന് കണ്ടറിയണം.
നിലവിലെ പാക് ഭരണകൂടത്തിന് മുന്‍പില്‍ കുറച്ച് ഒപ്‌ഷനുകള്‍ മാത്രമാണുള്ളത്. ഇമ്രാനെ വിട്ടയയ്ക്കുക എന്നതാണ് അതിലൊന്ന്. സ്ഥിതിഗതികള്‍ പാടെ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ അങ്ങനെയൊരു തീരുമാനം അഭികാമ്യമായി ഭരണകൂടത്തിന് തോന്നാനിടയില്ല. മറ്റൊന്ന്, നിലവിലുണ്ടായ പ്രത്യാഘാതങ്ങൾക്കെതിരായി നില്‍ക്കുക. ഇമ്രാന്‍ മന്ത്രിസഭയിലെ മുൻ മന്ത്രിമാരിൽ ഭൂരിഭാഗവും അറസ്റ്റിൽ പ്രതിഷേധിച്ച് ജയിലിലായിട്ടുണ്ട്. കുറച്ചുപേര്‍ പ്രതിഷേധവുമായി തെരുവുകളിലുമുണ്ട്. ജനറൽ അയൂബ് ഖാൻ മുതൽ ജനറൽ അസിം മുനീർ വരെയുള്ളവരുടെ ഭൂതകാല അധ്യായങ്ങള്‍ എന്തെന്ന് പാകിസ്ഥാന് നന്നായി അറിയാം. രാജ്യഭരണം ഏറ്റെടുക്കുന്ന തരത്തിലേക്ക് ഈ ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യതയും ശക്തമാണ്.