ഇസ്ലാമബാദ് : തീവ്രവാദക്കേസില്‍ ജയിലിലടച്ചാല്‍ താന്‍ കൂടുതല്‍ അപകടകാരിയാകുമെന്ന് ഭീഷണി മുഴക്കി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇമ്രാന്‍ ഖാനെതിരായി ചുമത്തപ്പെട്ട തീവ്രവാദക്കേസിന്‍റെ വാദം നടക്കുന്നതിനിടെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതികരണം. ഓഗസ്റ്റ് 20ന് നടന്ന റാലിക്കിടെ വനിത ജഡ്‌ജിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്‌ത തീവ്രവാദക്കേസിലാണ് കഴിഞ്ഞ ദിവസം വിചാരണ നടന്നത്.
കനത്ത സുരക്ഷയിലാണ് വിചാരണയ്‌ക്കായി ഇമ്രാന്‍ ഖാനെ കോടതിയിലെത്തിച്ചത്. കോടതിക്ക് അകത്തും പുറത്തും വന്‍ തോതില്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതാണ് പാക് മുന്‍ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങളോട് തന്‍റെ രോഷം പ്രകടിപ്പിച്ച ഇമ്രാൻ ഖാൻ, എന്തുകൊണ്ടാണ് കോടതിക്ക് പുറത്ത് സർക്കാർ ഗണ്യമായ രീതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്ന് ചോദിച്ചു.
വനിത ജഡ്‌ജിയ്‌ക്കെതിരായ തന്‍റെ പരാമർശങ്ങൾ സാന്ദർഭികമാക്കാനാണ് ഉദ്ദേശിച്ചതെന്നും എന്നാൽ അതിനുള്ള അവസരം ലഭിച്ചില്ലെന്നും ഇമ്രാൻ ഖാന്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.