കൊളംബോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക അന്താരാഷ്‌ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് വായ്‌പയെടുക്കാനായി പ്രാഥമിക കരാറിലെത്തി. 2.9 ബില്യണ്‍ യു.എസ് ഡോളറാണ് വായ്‌പയെടുക്കുന്നത്. 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണിപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്.
രാജ്യത്തെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വായ്‌പയെടുക്കാനായി ഏപ്രില്‍ അവസാനത്തോടെ ശ്രീലങ്ക ഐഎംഎഫുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഐഎംഎഫിന് മുമ്പാകെ ശ്രീലങ്ക കട പുനഃക്രമീകരണ പദ്ധതി സമര്‍പ്പിച്ചു. ശ്രീലങ്കയുടെ ഐഎംഎഫുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു.
വായ്‌പ ലഭിച്ചാല്‍ നിലവില്‍ രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ആശ്വാസമാകും. രാജ്യത്തിന്‍റെ കടബാധ്യതകള്‍ ഒരു പരിധി തീര്‍ക്കാന്‍ വായ്‌പ തുക സഹായകമാകും. എന്നാല്‍ വായ്‌പ നല്‍കുന്നതിനായി ഐഎംഎഫ് ശ്രീലങ്കയ്ക്ക് മുന്നില്‍ നിരവധി വ്യവസ്ഥകള്‍വച്ചിട്ടുണ്ട്. എന്നാല്‍ സാധാരണയായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് സഹായ ഏജന്‍സികള്‍ സ്വീകരിച്ച് വരുന്ന കര്‍ക്കശ നിലപാടൊന്നും ശ്രീലങ്കയോട് ഐഎംഎഫ് കൈക്കൊണ്ടില്ല.
എന്നിരുന്നാലും എല്ലാ മേഖലകളിലും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ഐഎംഎഫിന്‍റെ നിബന്ധനകള്‍. രാജ്യത്തെ സാമ്പത്തിക ശേഷി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎഫ് നിര്‍ദേശിച്ചു. നികുതി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയും വിനിമയ നിരക്ക് പുനസ്ഥാപിച്ചും മൂലധന ബാങ്കിംഗ് സംവിധാനത്തിലൂടെയും രാജ്യത്തിന്‍റെ വരുമാനം ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ ഐഎംഎഫിന്‍റെ നിബന്ധനകള്‍ അംഗീകരിച്ച് വായ്‌പയെടുക്കാന്‍ ശ്രീലങ്ക കരാറിലെത്തുകയായിരുന്നു.
ശ്രീലങ്കയിലെ പ്രതിസന്ധിക്ക് കാരണം : 2019 മുതലാണ് ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ചെറിയ തോതില്‍ തലപൊക്കി തുടങ്ങിയത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണങ്ങള്‍ നിരവധിയാണ്. ദീര്‍ഘകാല സാമ്പത്തിക നേട്ടം പോലും നോക്കാതെ പല മേഖലകളിലും സര്‍ക്കാര്‍ എടുത്ത തെറ്റായ തീരുമാനങ്ങളാണ് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളില്‍ ഒന്ന്.
മഹിന്ദ രാജപക്‌സെ പ്രസിഡണ്ടായ പത്ത് വര്‍ഷങ്ങള്‍ രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു. രാജ്യത്തെ ദേശീയ ചെലവ് വരുമാനത്തേക്കാള്‍ കൂടുതലായി. രാജ്യത്തേക്കുള്ള ഇറക്കുമതി വര്‍ധിക്കുകയും കയറ്റുമതി കുറയുകയും ചെയ്തു. രാജ്യത്ത് രാസവളങ്ങളുടെ ഇറക്കുമതിയും ഉപയോഗവും നിരോധിച്ചത് വലിയ തിരിച്ചടിയായി.
അധികമായും കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞ ജനതയെ അത് ആശങ്കയിലാക്കി. തുടര്‍ന്ന് രാജ്യത്ത് കൃഷി കുറഞ്ഞു. ഇതോടെ അരി അടക്കമുള്ള ഭക്ഷ്യ വസ്‌തുക്കളടക്കം മറ്റിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായി വന്നു. പ്രസിഡന്‍റായ രാജപക്‌സെ നിരവധി നികുതികള്‍ വെട്ടിക്കുറച്ചു. ഇത് സര്‍ക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കി.
രാജ്യത്ത് അധികരിച്ച പണപ്പെരുപ്പവും നിത്യേപയോഗ വസ്‌തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായി. നിലവില്‍ കടുത്ത ദുരിതം അനുഭവിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. ഭക്ഷണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്‌തുക്കള്‍ പോലും ലഭിക്കാതെ മാസങ്ങളോളമാണ് കഷ്‌ടതയനുഭവിക്കുന്നത്.