വാഷിംഗ്‌ടൺ: പോൺ ചലച്ചിത്രതാരം സ്‌റ്റോമി ഡാനിയൽസുമായുള്ള ഹഷ് മണി കേസിൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കോടതിയിൽ. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഇതേ തുടർന്നാണ് ട്രംപ് കോടതിയിൽ ഹാജരായത്.
2016-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ്‍ സിനിമാനടി സ്‌റ്റോമി ഡാനിയൽസിന് പണം നൽകിയ കേസിൽ കോടതിയില്‍ കീഴടങ്ങാനെത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പണം നൽകിയത് ഉൾപ്പെടെ 36 ക്രിമിനൽ കുറ്റങ്ങൾ ട്രംപിനെതിരെ ചുമത്തിയിട്ടുണ്ട്.
കോടതി നടപടികള്‍ക്ക് മുന്നോടിയായാണ് ട്രംപിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കുറ്റപത്രം വായിച്ചു കേൾക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയ്ക്കു ശേഷം ട്രംപിനെ വിട്ടയച്ചു. അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ ഇരുന്ന ശേഷം ക്രിമിനൽ കേസിൽ കുറ്റാരോപിതനായ ആദ്യ വ്യക്തി കൂടിയാണ് ഡൊണാൾഡ് ട്രംപ്.
കോടതി നടപടി ക്രമങ്ങൾ മണിക്കൂറുകളാണ് നീണ്ടു നിന്നത്. തനിക്ക് നേരെ ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും ട്രംപ് നിഷേധിച്ചു. കേസിൽ അടുത്ത വാദം ഈ വർഷം ഡിസംബറിൽ നടക്കും. കേസിന്‍റെ വിചാരണ 2024 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരം. ആദ്യ ഘട്ടം വാദം പൂർത്തിയായതോടെ ട്രംപ് കോടതിയിൽ നിന്ന് മടങ്ങി.
ട്രംപ് അനുകൂലികൾ ട്രംപിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്ന് എഫ്ബിഐ രാജ്യത്തുടനീളമുള്ള പ്രാദേശിക, സംസ്ഥാന പൊലീസ് ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലോവർ മാൻഹട്ടനിലെ പ്രധാന തെരുവുകൾ അടച്ചിടാൻ ന്യൂയോർക്ക് സിറ്റി ഉദ്യോഗസ്ഥർ സുരക്ഷ നടപടിയായി ആലോചിച്ചിരുന്നു. കോടതിയില്‍ ഹാജരായ ശേഷം ട്രംപ് തന്‍റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോയിലേക്ക് പോയി എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു.
എന്താണ് ഹഷ് മണി വിവാദം: പൊതുവില്‍ നാണക്കേട് ഉണ്ടാക്കുന്ന നൽകുന്ന പണത്തെ സൂചിപ്പിക്കുന്ന പദമാണ് 'ഹഷ് മണി'. 2016ൽ നടന്ന യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പോണ്‍ സിനിമാതാരം സ്റ്റോമി ഡാനിയേല്‍സിന് താനുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കാൻ 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്നാണ് ട്രംപിനെതിരായ ആരോപണം. തെരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകൻ മൈക്കൽ കോഹൻ മുഖേന ഡാനിയൽസിന് പണം നൽകിയിട്ടുണ്ട് എന്നാണ് വാദി ഭാഗം മുന്നോട്ട് വയ്‌ക്കുന്ന കുറ്റപത്രം.
2006-ല്‍ കാലിഫോര്‍ണിയയിലെ ലേക്ക് ടോഹോ ഹോട്ടലില്‍വെച്ച് ട്രംപ് നടി സ്റ്റോമി ഡാനിയൽസിനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന നടിയുടെ വെളിപ്പെടുത്തലാണ് പണം നൽകാനുണ്ടായ കാരണം. സ്റ്റോമിക്ക് നൽകിയ പണം ട്രംപ് തന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് വകമാറ്റിയതാണെന്നുള്ള ആരോപണവും നിലനിൽക്കുന്നുണ്ട്.