മാഡ്രിഡ് (സ്പെയിന്‍) : യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ചൂടില്‍ മരണ സംഖ്യ കുതിച്ചുയരുന്നു. രാജ്യത്ത് ആഞ്ഞടിച്ച രണ്ടാം ഉഷ്ണക്കാറ്റില്‍ ഏഴ് ദിവസത്തിനിടെ (ജൂലൈ 10-17)വരെ 697 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജൂലൈ 17ന് മാത്രം 169 മരണങ്ങൾ സംഭവിച്ചതായി കാർലോസ് ത്രീ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മരിച്ചവരില്‍ 430 പേരും 85 വയസ് കഴിഞ്ഞവരാണ്. 159 പേര്‍ 75-84 വയസിനും 58 പേര്‍ 65-74 വയസിനും ഇടയിലുള്ളവരുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് ഉഷ്ണകാലം അവസാനിച്ച് തുടങ്ങിയതായും ചൂട് കുറയുന്നതായുമാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഒരു നേരിയ ആശ്വാസം മാത്രമാണെന്നും ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വരുന്ന മണിക്കൂറുകളില്‍ 40 ഡിഗ്രിവരെ ചൂട് വന്നേക്കാം. ജൂണ്‍ 11 മുതല്‍ 17 വരെയാണ് രാജ്യത്ത് ആദ്യ ഉഷ്ണതരംഗം രൂപപ്പെട്ടത്. ഈ കാലയളവില്‍ 892 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ ഉഷ്ണക്കാറ്റില്‍ മാത്രം 1508 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മൈനസ് ഡിഗ്രി മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ സാധാരണയായുണ്ടാകാറുള്ള താപനില. അതിനാല്‍ തന്നെ വേനലിനെ അതിജീവിക്കുക എന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയാസകരമാണ്.