ടെല്‍ അവീവ് : ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവി കൊല്ലപ്പെട്ടു (Hamas deputy leader Saleh al-Arouri killed). ചൊവ്വാഴ്‌ച ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് നേതാവായ സലേഹ് അൽ-അരൂരി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ലെബന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് സംഭവം. ബെയ്‌റൂട്ടിലെ ഹമാസ് ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സലേഹ് അല്‍ അരൂരിയെ കൂടാതെ മറ്റ് നാല് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം (Hamas Israel War).
പലസ്‌തീനിലും പുറത്തുമുള്ള ഹമാസ് നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്‍റെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഇസത്ത് അൽ പറഞ്ഞു. അതേസമയം ആക്രമണത്തെ കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സലേഹ് അല്‍ അരൂരി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നജീബ് മിക്കാറ്റി രംഗത്തുവന്നു. ഇത് പുതിയ ഇസ്രയേല്‍ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലും ആക്രമണം അഴിച്ച് വിടാനാണ് ഇസ്രയേല്‍ ശ്രമം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവിയായ അല്‍ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസ് സൈന്യത്തിന്‍റെ തലവന്‍ കൂടിയാണ്. മാത്രമല്ല ഹമാസിന്‍റെ സായുധവിഭാഗമായ ഖസം ബ്രിഗേഡിന്‍റെ സ്ഥാപകരിലൊരാളാണ് അരൂരി. 15 വര്‍ഷത്തോളം ഇസ്രയേല്‍ ജയിലില്‍ തടവിലായിരുന്ന അരൂരി ജയില്‍ മോചനത്തിന് പിന്നാലെയാണ് ലെബനനില്‍ എത്തിയത് (Hamas Deputy Leader Death).
2010ലാണ് അരൂരി ജയില്‍ മോചിതനായത്. ലെബനനിലേക്ക് താമസം മാറുന്നതിന് മുമ്പ് അരൂരി സിറിയയിലായിരുന്നു താമസിച്ചിരുന്നത്. അന്ന് വെസ്റ്റ് ബാങ്കിലെ ഹമാസിന്‍റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു (Israeli Drone Strike In Lebanon).
സലേഹ് അല്‍ അരൂരി കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ നേരത്തെ അല്‍ അരൂരിയെ കുറിച്ച് ഇസ്രയേല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ തങ്ങള്‍ക്കെതിരായ ആക്രമണത്തിന്‍റെ സൂത്രധാരന്‍ അരൂരിയാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.
തുടരുന്ന പോരാട്ടം: ഇസ്രയേല്‍ ഹമാസ് യുദ്ധം ശക്തമായി തന്നെ തുടരുകയാണ്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഖാന്‍ യൂനിസ് നഗരം കേന്ദ്രീകരിച്ച് ബോംബ് ആക്രമണവും പീരങ്കി ആക്രമണവുമാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നത് (Israel War In Beirut).
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 207 പലസ്‌തീനികളും അഞ്ച് ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ അല്‍ബുറെജ്, നുസുറത്ത് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയും ഷെല്ലാക്രമണം ഉണ്ടായതായാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ പലസ്‌തീനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 22,185 ആയി.
Also read: പുതുവര്‍ഷത്തില്‍ ആഘോഷങ്ങളില്ല ; ഗാസയിലും ഇസ്രയേലിലും ആക്രമണം തുടരുന്നു