വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസ പ്രഖ്യാപനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിസ പുതുക്കാന്‍ വിദേശ യാത്ര നടത്തേണ്ടതില്ലെന്നും ഇന്ത്യയില്‍ നിന്ന് അതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി. കൂടാതെ ബെംഗളൂരുവിലും ഗുജറാത്തിലും അമേരിക്കയുടെ പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കും. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വാഷിങ്ടണിലെ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിങ്ങില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അമേരിക്കയിലെ രണ്ട് പ്രധാന നഗരങ്ങളില്‍ ഇന്ത്യ കോണ്‍സുലേറ്റ് തുറക്കും കൂടാതെ സിയാറ്റിലില്‍ ഒരു കോണ്‍സുലേറ്റ് തുറക്കാനും തീരുമാനമുണ്ട്. യുഎസും ഇന്ത്യയും തമ്മില്‍ വിവിധ കരാറുകള്‍ രൂപീകരിക്കുക മാത്രമല്ലെന്നും ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥമാക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്താണ് എച്ച്1ബി വിസ: സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള പ്രത്യേക ജോലികളിലേക്ക് തൊഴിലാളികളെ നിയമിക്കുന്നതിനായി യുഎസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്‍റ് വിസയാണ് എച്ച്1ബി വിസ എന്നത്. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്നുള്ളവരെ എനിക്ക് ഇവിടെ കാണാനായെന്നും ഇതൊരു മിനി ഇന്ത്യയായി തോന്നുന്നുണ്ടെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യുഎസ് സന്ദര്‍ശനത്തിലൂടെ കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വ്യാവസായിക വിതരണ ശൃംഖലയിൽ സഹകരണം വര്‍ധിപ്പിക്കുവാന്‍ യാത്ര സഹായകമായി. ഇന്ത്യയിൽ യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള ജനറൽ ഇലക്ട്രിക് കമ്പനിയുടെ തീരുമാനം ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ നാഴികക്കല്ലായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗൂഗിൾ മൈക്രോൺ, അപ്ലൈഡ് മെറ്റീരിയലുകൾ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതോടെ ഇന്ത്യയില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ടാകും. ഇന്ത്യയും യുഎസും തമ്മിൽ ഒപ്പു വച്ച ആർട്ടെമിസ് കരാർ ബഹിരാകാശ ഗവേഷണത്തിൽ നിരവധി അവസരങ്ങൾ നൽകുമെന്നും നാസയ്‌ക്കൊപ്പം ഇന്ത്യ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാകുമെന്നും മോദി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും താനും കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യ-യുഎസ് ബന്ധം മറ്റൊരു തലത്തിലെത്തിക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
'ഏക് ഭാരത്, ശ്രേഷ്‌ഠ ഭാരത്' എന്ന മനോഹരമായ ചിത്രമാണ് തനിക്കിവിടെ കാണാനായതെന്നും ഇവിടെ തനിക്ക് നല്‍കിയ സ്‌നേഹത്തിനും വളരെയധികം നന്ദുയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്‌ട്ര ഗായികയായ മേരി മില്‍ബെന്‍ പരിപാടിയില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.
ഇനി രാജ്യത്ത് തന്നെ സൗകര്യം: ഇന്ത്യന്‍ പൗരന്മാരുടെ വിസകള്‍ പുതുക്കുന്നതിന് രാജ്യത്ത് തന്നെ സൗകര്യമൊരുക്കുമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്‍റ് നേരത്തെ അറിയിച്ചിരുന്നു.
രാജ്യങ്ങളിലെ സാമ്പത്തിക, സാങ്കേതിക വളര്‍ച്ചയ്‌ക്ക് തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും നിക്ഷേപകരുടെയും ബിസിനസുകാരുടെയും സാന്നിധ്യം വളരെയധികം ഗുണകരമാകുമെന്ന് നേതാക്കള്‍ പറഞ്ഞു. വിസ പുതുക്കുന്ന പ്രവര്‍ത്തി കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ സുഗമമാക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ കണ്ടെത്തും.
ചില പ്രദേശങ്ങളില്‍ നേരത്തെ നിര്‍ത്തി വച്ച ആഭ്യന്തര വിസ പുതുക്കുന്ന സംവിധാനമാണ് പുനരാംഭിക്കുന്നത്. പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അത് ആശ്വാസമാകും. എച്ച്1 ബി വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കിയ തിയതികള്‍ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. യുഎസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഇത് ആവശ്യമാണ്.