മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പൊലീസ് സ്റ്റേഷനു നേരെ ഉണ്ടായ വെടിവയ്‌പ്പില്‍ നിരവധി മരണം. വടക്കന്‍ മധ്യ സംസ്ഥാനമായ ഗ്വാനജുവാട്ടോയില്‍ ഇന്നലെയാണ് സംഭവം. തോക്കുധാരികള്‍ പൊലീസ് സ്റ്റേഷനു നേരെ വെടിയുതിര്‍ത്തതോടെ പ്രതിരോധിക്കാന്‍ പൊലീസ് തിരിച്ചും വെടിയുതിര്‍ത്തു.
അക്രമികളില്‍ നിരവധി പേര്‍ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി സെലയ പൊലീസ് അറിയിച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പൊലീസ് പുറത്തു വിട്ടിട്ടില്ല. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പരിക്കുകള്‍ ഗുരുതരമല്ലെന്നും സലയ പൊലീസ് മേധാവി ജെസ് റിവേര പറഞ്ഞു.
നഗരത്തിന്‍റെ പ്രാന്തപ്രദേശത്താണ് ആക്രമണം നടന്നത്. മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടക്കുന്നത് ഗ്വാനജുവാട്ടോയിലാണ്. ക്രിമിനല്‍ ഗ്രൂപ്പുകളായ ജാലിസ്‌കോ കാർട്ടലും അതിന്‍റെ മുഖ്യ എതിരാളിയായ സിനലോവ കാർട്ടലിന്‍റെ പിന്തുണയുള്ള പ്രാദേശിക സംഘങ്ങളും തമ്മിൽ വർഷങ്ങളോളം നീണ്ട സംഘര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നു.