കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സ്‌പീക്കർ മഹിന്ദ യാപ്പ അബേവർധന. സിംഗപ്പൂരിൽ എത്തിയതിന് പിന്നാലെ രാജിക്കത്ത് സ്‌പീക്കർക്ക് മെയിൽ അയക്കുകയായിരുന്നു. വെള്ളിയാഴ്‌ച(15.07.2022) രാവിലെയാണ് അബേവർധന രാജിക്കത്തിന്‍റെ ആധികാരികത സ്ഥിരീകരിച്ചത്.
രാജപക്‌സെയുടെ രാജി ജൂലൈ 14 മുതൽ പ്രാബല്യത്തിൽ വരുന്നതായി സ്‌പീക്കർ അറിയിച്ചു. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്‍റായി തുടരും. അതുവരെ സമാധാനം പാലിക്കണമെന്നും നിയമനിർമാതാക്കൾക്ക് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിന് സമാധാനപരമായ അന്തരീക്ഷം അനുവദിക്കണമെന്നും സ്‌പീക്കർ അഭ്യർഥിച്ചു. ശനിയാഴ്‌ച(16.07.2022) ശ്രീലങ്കൻ പാർലമെന്‍റ് യോഗം ചേരും.
എന്നാൽ റെനിൽ വിക്രമസിംഗെയെ ആക്‌ടിങ് പ്രസിഡന്‍റായി നിയമിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. പ്രധാന ഇടങ്ങളിലെല്ലാം ടെന്‍റുകൾ സ്ഥാപിച്ച് പ്രതിഷേധക്കാർ ഇവിടെ തന്നെ തുടരുകയാണ്. സ്‌പീക്കർ ആക്‌ടിങ് പ്രസിഡന്‍റ് ആകണമെന്നതാണ് ഇവരുടെ ആവശ്യം.
ഗോ ഹോം റെനിൽ എന്ന ബാനറുകൾ ഉയർത്തിയാണ് വീണ്ടും പ്രതിഷേധക്കാർ തെരുവിലേക്ക് ഇറങ്ങുന്നത്. റെനിൽ രാജിവയ്‌ക്കാതെ പ്രസിഡന്‍റ് ഓഫിസ് ഒഴിയില്ലെന്നും ഇവർ വ്യക്തമാക്കി.
ഗോതബായ രാജപക്‌സെ സ്‌പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നതോടെ പ്രക്ഷോഭകർ ആഘോഷം തുടങ്ങിയിരുന്നു. പടക്കം പൊട്ടിച്ചാണ് പ്രതിഷേധക്കാർ പ്രസിഡന്‍റിന്‍റെ രാജി ആഘോഷിച്ചത്. എന്നാൽ റെനിൽ ആക്‌ടിങ് പ്രസിഡന്‍റ് ആകുന്നുവെന്ന് സ്‌പീക്കർ അറിയിച്ചതോടെ വീണ്ടും പ്രതിഷേധം ശക്തമാകുകയാണ്.