വാഷിങ്‌ടൺ : ആഗോള ടെക് വ്യവസായത്തിൽ ഏറ്റവും വലിയ രണ്ട് കമ്പനികളാണ് ആപ്പിളും ഗൂഗിളും (Apple And Google). എന്നാൽ, പ്രതിവർഷം കോടികളാണ് ആപ്പിളിനും മറ്റ് ടെക് കമ്പനികൾക്കും ഗൂഗിൾ നൽകുന്നത് (Google Paying To Apple). ഇതിന്‍റെ കാരണവും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (Google CEO Sundar Pichai) തന്നെ വ്യക്തമാക്കുന്നുണ്ട്.
ആപ്പിളിന്‍റെ ഐപാഡ്, മാക്, ഐഫോൺ പോലുള്ള എല്ലാ ഉപകരണങ്ങളിലും ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനാക്കി (Google default search engine) മാറ്റുന്നതിനാണ് ഗൂഗിൾ വലിയൊരു തുക ചെലവഴിക്കുന്നത്. ഗൂഗിൾ ഉപഭോക്തൃ അനുഭവം കൂടുതൽ എളുപ്പമാക്കുമെന്നാണ് വിഷയത്തിൽ സുന്ദർ പിച്ചൈയുടെ വാദം. ഇരു ടെക് ഭീമന്മാരും തമ്മിൽ വർഷങ്ങളോളം നീണ്ടു നിന്ന കേസുകളുണ്ടായിരുന്നു.
എന്നിരുന്നാലും ഈ കരാറിൽ ഇരു കമ്പനികളും പരസ്‌പര ധാരണയോടെയാണ് മുന്നോട്ട് പോകുന്നത്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ൽ 18000 കോടി ഡോളറാണ് (1.5 ലക്ഷം കോടി) ഈ വകുപ്പിൽ ഗൂഗിൾ ചെലവഴിച്ചത്. ഈ പണം നൽകുന്നതോടെ ആപ്പിൾ ഉപകരണങ്ങളിൽ ഗൂഗിളിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ ആക്കുക മാത്രമല്ല, മറ്റൊരു സെർച്ച് എഞ്ചിൻ നിർമിക്കുന്നതിൽ നിന്ന് ആപ്പിളിനെ തടയുക കൂടിയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ടെക് ഭീമന്മാർക്കിടയിലുള്ള മത്സരത്തിൽ മുന്നിട്ട് നിൽക്കാനും എതിരാളികളായ സെർച്ച് എഞ്ചിനുകളെ തകർക്കാനും ടെക് കമ്പനികൾക്ക് ഗൂഗിൾ പണം നൽകുന്നുവെന്ന് നീതിന്യായ വകുപ്പ് വാദിക്കുന്നു. അതേസമയം, ഫോൺ നിർമാതാക്കൾക്കും വയർലസ് ഫോൺ കമ്പനികൾക്കും പണം നൽകുന്നത് ഉപയോക്താക്കൾക്കിടയിൽ ഗൂഗിളിനെ ആദ്യ സെർച്ച് എഞ്ചിൻ ആക്കി മാറ്റുക എന്ന ഉദ്ദേശ്യത്തിൽ മാത്രമല്ല. മറിച്ച്, ടെക് കമ്പനികളുടെ കമ്പ്യൂട്ടറുകളിലും സ്‌മാർട് ഫോണുകളിലും ചെലവേറിയ സുരക്ഷ അപ്‌ഗ്രേഡുകളും മറ്റ് മെച്ചപ്പെടുത്തലുകളും നടത്താൻ അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടി കൂടിയാണെന്ന് പിച്ചൈ സാക്ഷ്യപ്പെടുത്തി.
സെർച്ച് എഞ്ചിനിൽ പോപ് അപ്പ് ആകുന്ന പരസ്യങ്ങളിൽ ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുന്നതോടെ ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം ആപ്പിളിനും മറ്റ് ടെക് കമ്പനികൾക്കും ഗൂഗിൾ പങ്കിടുന്നു. 25 വർഷങ്ങൾക്ക് മുൻപാണ് ഇന്‍റർനെറ്റ് ബ്രൗസറിലെ ആധിപത്യവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്‌റ്റിന് എതിരെ കേസ് ഫയൽ ചെയ്‌തത്. അതിന് ശേഷം 2020 ൽ ട്രംപ് ഭരണത്തിന്‍റെ കാലത്താണ് ഗൂഗിളിനെതിരെ ഏറ്റവും വലിയ വിശ്വാസവഞ്ചന കേസ് ഫയൽ ചെയ്യുന്നത്.
സെപ്‌റ്റംബർ 12 നാണ് വാഷിങ്‌ടണിൽ കേസിന്‍റെ വിചാരണ ആരംഭിച്ചത്. എന്നാൽ, യുഎസ് ജില്ല ജഡ്‌ജി അമിത് മേത്ത അടുത്ത വർഷം ആദ്യം വരെ കേസിൽ പ്രത്യേക വിധി പ്രസ്‌താവനകളൊന്നും നടത്തില്ല. അഥവാ ഗൂഗിൾ നിയമം ലംഘിച്ചുവെന്ന് വിധി വന്നാൽ, വീണ്ടും വിപണിയിലെ ആധിപത്യം തിരികെ പിടിക്കുന്നതിന് മറ്റൊരു മാർഗം ഗൂഗിൾ കണ്ടെത്തിയേക്കാം.