ന്യൂഡല്‍ഹി: ഓക്‌സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്കായി (word of the year) Goblin mode തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി പൊതുജന വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്. Metaverse, #IStandWith എന്നീ വാക്കുകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
വോട്ടെടുപ്പില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു എന്ന് ഓക്‌സ്‌ഫോര്‍ഡ് വ്യക്തമാക്കി. യാതൊരു കുറ്റബോധവുമില്ലാതെ സ്വയം സന്തോഷം കണ്ടെത്തുന്നതിനായി സാമൂഹ്യമായ രീതികളോ, മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നൊന്നും നോക്കാതെയുള്ള പെരുമാറ്റത്തെയാണ് ഗോബ്‌ലിൻ മോഡ് Goblin mode എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്.
goblin mode എന്ന വാക്ക് ട്വിറ്ററില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2009ലാണ്. 2022ഫെബ്രുവരിയിലാണ് ഈ വാക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും അതേതുടര്‍ന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും. തുടര്‍ന്നുള്ള മാസങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും ആളുകള്‍ കൂടുതലായി സാമൂഹ്യ സമ്പര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രയോഗം കൂടുതല്‍ ജനപ്രിയമായി.
മഹാമാരിയെ തുടര്‍ന്നുള്ള വലിയ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തുവന്ന പലരുടേയും മാനസികാവസ്ഥ ശരിയായി പകര്‍ത്താന്‍ ഈ പദസമുച്ചയത്തിന് സാധിച്ചു. 'സാധാരണ ജീവിത'ത്തിലേക്ക് മടങ്ങിപ്പോവാന്‍ വിസമ്മതിച്ചവരുടെ വികാരം goblin modeല്‍ ഉള്‍ക്കൊള്ളുന്നു.
Metaverse: വെർച്വൽ റിയാലിറ്റിയെ കുറിക്കുന്നതാണ് Metaverse എന്ന പദം. ത്രിമാന ചിത്രങ്ങളിലൂടെ മനുഷ്യന്‍ പരസ്‌പരം ആശയവിനിമയം നടത്തുന്ന സംവിധാനത്തെ കുറിക്കുന്ന Metaverse ഇന്‍റര്‍നെറ്റിന്‍റെ വിപുലീകരണമായോ അല്ലെങ്കില്‍ അതിനെ പൂര്‍ണമായി മാറ്റികൊണ്ട് പുതിയ രീതി ആവിഷ്‌ഷ്‌കരിക്കുന്ന സംവിധാനമായോ വിലയിരുത്തപ്പെടുന്നു. നീല്‍ സ്‌റ്റീഫന്‍സണിന്‍റ സയന്‍സ് ഫിക്ഷന്‍ നോവലായ 'സ്‌നോ ക്രാഷിലാണ്' Metaverse എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. മെറ്റാവേഴ്‌സ് എന്ന വാക്കിന്‍റെ ഉപയോഗം ഓക്‌സ്‌ഫേര്‍ഡ് ഡിക്ഷനറി രേഖപ്പെടുത്തുന്നത് 1992ലാണ്.
2021വരെ വിദഗ്‌ധരുടെ ഇടയില്‍ അല്ലാതെ മെറ്റാവേഴ്‌സ് എന്ന പദം വളരെ വിരളമായി മാത്രമെ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ 2022 ഒക്‌ടോബറോടെ മെറ്റാവേഴ്‌സിന്‍റെ ഉപയോഗം 2021നെ അപേക്ഷിച്ച് നാല് മടങ്ങ് വര്‍ധിച്ചു.
#IStandWith: ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരാശയത്തെ പിന്തുണയ്‌ക്കാന്‍ ‘to stand with’ എന്ന പദപ്രയോഗം ഇഗ്ലീഷില്‍ നടത്താറുണ്ട്. ഈ പദപ്രയോഗം 14ാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ #IStandWith എന്ന ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെടുന്നത് 21ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലാണ്. 2009 മുതല്‍ ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് വരുന്നു.
ചില സാമൂഹ്യ സംഭവ വികാസങ്ങളില്‍ തങ്ങളുടെ അഭിപ്രായം പങ്ക് വെക്കാനാണ് #IStandWith എന്നാ ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരാള്‍ തന്‍റെ അഭിപ്രായ പ്രകടനത്തിനായി ഈ ഹാഷ്‌ടാഗ് ധാരളമായി ഉപയോഗപ്പെടുത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ആക്‌റ്റിവിസത്തിനായി ഉപയോഗപ്പെടുത്തുന്ന പ്രധാന ഹാഷ്‌ടാഗായി ഇത് മാറി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഈ ഹാഷ്‌ടാഗ് വലിയ രീതിയില്‍ വര്‍ധിച്ചു. #IStandWithUkraine, #StandWithUkraine എന്നിവ ഈ വര്‍ഷം കൂടുതലായി ഉപയോഗിച്ച ഹാഷ്‌ടാഗുകളാണ്.