വത്തിക്കാന്‍: ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ജനങ്ങളുമായി സംസാരിക്കാനുള്ള പ്രയാസം കാരണം സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് എത്താന്‍ കഴിയില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. നേരിയ പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദുബായ്‌യില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്ര റദ്ദാക്കിയെന്നും വത്തിക്കാന്‍ അറിയിച്ചു.
യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കവേയാണ് മാര്‍പാപ്പയ്‌ക്ക് ശ്വാസതടസവും പനിയും നീര്‍ക്കെട്ടും ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്‌ച (നവംബര്‍ 29) മാര്‍പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ആരോഗ്യ നില തൃപ്‌തികരമല്ലെന്ന് പറഞ്ഞ് സംസാരം പരിമിതപ്പെടുത്തിയിരുന്നു.
''പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് എനിക്ക് സംസാരിക്കാന്‍ ഏറെ പ്രയാസങ്ങളുണ്ട്. ഞാൻ സുഖം പ്രാപിക്കുന്നുണ്ട്, എന്നാല്‍ എല്ലാം വായിക്കാൻ ശബ്‌ദം ഇപ്പോഴും പര്യാപ്‌തമല്ലെന്ന്'' ഫ്രാൻസിസ് മാര്‍പാപ്പ പറഞ്ഞു.
ഈ മാസാവസാനം 87 വയസ് പൂര്‍ത്തിയാകുന്ന മാര്‍പാപ്പ യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. വെള്ളിയാഴ്‌ചയാണ് (ഡിസംബര്‍ 1) സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യാത്ര റദ്ദാക്കുകയാണുണ്ടായത്. നവംബര്‍ 26ന് ജനങ്ങളെ അഭിസംബോധന ചെയ്‌ത ഫ്രാന്‍സിസ് മാര്‍പാപ്പ അസുഖം വകവയ്ക്കാതെ യാത്ര നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് ഡോക്‌ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചത്. ദുബായ്‌യിലെ കാലാവസ്ഥ വ്യതിയാനം ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്‌ടര്‍മാര്‍ യാത്രയ്‌ക്ക് അനുമതി നല്‍കാതിരുന്നത്.