വാഷിങ്‌ടൺ : സർക്കാർ രഹസ്യ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ മിയാമിയിലെ ഫെഡറൽ കോടതി ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്‌ചയാണ് കുറ്റാരോപിതനായ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് കോടതി വിചാരണ ചെയ്‌തത്. എന്നാൽ ട്രംപ് കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലാകുന്ന ആദ്യ മുൻ പ്രസിഡന്‍റ് കൂടിയാണ് ഡോണാൾഡ് ട്രംപ്. ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്‌ക്കൽ, അന്വേഷണം തടസപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി 37 കുറ്റകൃത്യങ്ങളാണ് ട്രംപിന്‍റെ പേരിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
രഹസ്യ രേഖകൾ ട്രംപിന്‍റെ വസതിയിൽ : വൈറ്റ് ഹൗസിലെ നിരവധി രഹസ്യ സ്വഭാവമുള്ള രേഖകൾ ട്രംപ് തന്‍റെ ഫ്ലോറിഡയിലെ വസതിയിലേയ്‌ക്ക് കൊണ്ടുപോകുകയും തെറ്റായി കൈകാര്യം ചെയ്‌തെന്നുമാണ് പ്രോസിക്യൂഷൻ ആരോപണം. കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപിന്‍റെ വസതിയിൽ നിന്ന് രേഖകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു. അറസ്‌റ്റിന് ശേഷം ചൊവ്വാഴ്‌ച വാദം കേൾക്കുന്നതിനിടെ കേസിനെക്കുറിച്ച് ട്രംപിന് സഹായി വാൾട്ട് നൗട്ടയുമായി ആശയവിനിമയം നടത്താൻ കഴിയില്ലെന്ന് മജിസ്‌ട്രേറ്റ് ജഡ്‌ജി ജൊനാഥൻ ഗുഡ്‌മാൻ വിധിച്ചിരുന്നു.
ഫെഡറൽ അന്വേഷണം തടസപ്പെടുത്തിയെന്ന കേസിൽ വാൾട്ട് നൗട്ടയെയും യുഎസ് നീതിന്യായ വകുപ്പ് അറസ്‌റ്റ് ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ ട്രംപിന് അഭിഭാഷകൻ മുഖേനയല്ലാതെ കേസുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്താൻ കഴിയാത്ത സാക്ഷികളുടെ പട്ടിക തയ്യാറാക്കാൻ ജഡ്‌ജി പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെടുകയായിരുന്നു. വിചാരണയ്‌ക്ക് മുൻപ് ഡെപ്യൂട്ടി മാർഷലുകൾ ട്രംപിന്‍റെ വിരലടയാളം രേഖപ്പെടുത്തിയിരുന്നു.
വ്യവസ്ഥകളില്ലാതെ ജാമ്യം : കേസിൽ അറസ്‌റ്റ് നേരിട്ടെങ്കിലും കോടതി പ്രതികൾക്ക് യാത്ര നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. സാമ്പത്തികമോ അല്ലാത്തതോ ആയ യാതൊരു വ്യവസ്ഥകളും ഇല്ലാതെയാണ് ട്രംപിനും വാൾട്ടിനും കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ജാമ്യത്തിലിറങ്ങിയ ട്രംപിന് ഐക്യദാർഢ്യവുമായി നിരവധി അനുയായികൾ മിയാമിയിലെ ക്യൂബൻ റെസ്റ്റോറന്‍റ് പരിസരത്ത് ഒത്തുകൂടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ന്യായരഹിതമായ ഉപയോഗം എന്നാണ് ട്രംപിനെതിരായ കുറ്റപത്രത്തെ അദ്ദേഹത്തിന്‍റെ അഭിഭാഷകരിലൊരാൾ വിമർശിച്ചത്. മിയാമി കോടതിക്ക് പുറത്ത് നിന്നുകൊണ്ടായിരുന്നു പരാമർശം. അതേസമയം പോൺ ചലച്ചിത്ര താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ഹഷ് മണി കേസിൽ നിലവിൽ ജാമ്യത്തിലാണ് ഡൊണാൾഡ് ട്രംപ്.
ഹഷ് മണി കേസ് : 2016 ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താരവുമായുള്ള ബന്ധം മറച്ചുവയ്‌ക്കാൻ സ്‌റ്റോമി ഡാനിയൽസിന് ട്രംപ് പണം നൽകിയതാണ് കേസ്. സംഭവത്തിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് കോടതിയിൽ സ്വയം കീഴടങ്ങാനെത്തുകയും പിന്നീട് അദ്ദേഹത്തിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടൻ കോടതിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തത്.
Also Read : ഹഷ് മണി വിവാദം: 'നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല', 34 കുറ്റങ്ങൾ കോടതിയില്‍ നിഷേധിച്ച് ട്രംപ്