കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സിംഗപ്പൂരിലേയ്ക്ക് കടന്ന മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തുന്നു. ഗോതബായ രാജപക്സെ ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്ത് തിരിച്ചെത്തുമെന്നും കാബിനറ്റ് വക്താവ് ബന്ദുല ഗുണവര്‍ധന അറിയിച്ചു. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശ്രീലങ്കയില്‍ ശക്തമായതിന് പിന്നാലെയാണ് 73കാരനായ ഗോതബായ രാജപക്സെ രാജ്യം വിട്ടത്.
രാജപക്സെ രാജ്യം വിട്ട് ഓടിയതാണെന്നും സിംഗപ്പൂരില്‍ ഒളിച്ചിരിക്കുകയാണെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും ഗതാഗത, ഹൈവേ, മാധ്യമകാര്യ മന്ത്രിയായ ബന്ദുല ഗുണവര്‍ധന പറഞ്ഞു. എന്നാല്‍ ഗോതബായ രാജപക്സെ എന്ന് രാജ്യത്ത് തിരിച്ചെത്തുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന്ദുല ഗുണവര്‍ധന വ്യക്തമാക്കിയില്ല. രാജപക്‌സെയെ തടവിലാക്കണമെന്ന് സിംഗപ്പൂര്‍ അറ്റോണി ജനറലിന് അപേക്ഷ ലഭിച്ചുവെന്ന ചോദ്യങ്ങളോട് അത്തരമൊരു സാഹചര്യമുണ്ടെങ്കില്‍ രാജപക്സെയ്ക്ക് യാതൊന്നും സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗുണവര്‍ധന വ്യക്തമാക്കി.
ജൂലൈ 13ന് മാലദ്വീപിലെത്തിയ രാജപക്‌സെ അടുത്ത ദിവസം സിംഗപ്പൂരിലേക്ക് കടക്കുകയായിരുന്നു. പ്രവേശനം അനുവദിച്ചെങ്കിലും 14 ദിവസത്തെ ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള അനുമതിയാണ് സിംഗപ്പൂർ സര്‍ക്കാര്‍ ഗോതബായ രാജപക്‌സെക്ക് നല്‍കിയത്. രാജിവയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജ്യം വിട്ടതോടെ ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമായിരുന്നു. പിന്നീട് ഇ-മെയിൽ വഴിയാണ് രാജപക്‌സെ സ്‌പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്.