ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെഞ്ചിൽ വെടിയേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സിയിലിരിക്കെ മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്‌ച ഇന്ത്യൻ പ്രാദേശിക സമയം രാവിലെ 8.29നാണ് അദ്ദേഹത്തിന് വെടിയേറ്റത്.
വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷിൻസോയ്‌ക്ക് ഹൃദയാഘാതമുണ്ടായതായും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ മണിക്കൂറുകള്‍ക്കം തന്നെ പുറത്തു വന്നു. തുടര്‍ന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പടിഞ്ഞാറൻ ജപ്പാനിലെ നാര നഗരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. ഷിൻസോയുടെ നെഞ്ചിലാണ് വെടിയേറ്റത്. അദ്ദേഹത്തിന്‍റെ പിന്നിൽ നിന്നായിരുന്നു അക്രമി വെടിയുതിർത്തത്. രണ്ടുതവണ വെടി വച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജപ്പാൻ മുൻ നാവിക സേനാംഗമാണ് വെടിവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പിടികൂടി ചോദ്യം ചെയ്‌തുവരികയാണെന്ന് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ജപ്പാനിലെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ആബേ. 2006 - 2007, 2012 - 2020 കാലയളവിൽ ജപ്പാൻ പ്രധാനമന്ത്രിയായും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റായും സേവനമനുഷ്‌ഠിച്ച ഷിൻസോ ആബേ, ജപ്പാന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയായിരുന്നു. ഇന്ത്യയുടെ 72മത് റിപ്പബ്ലിക് ദിനത്തില്‍ (2021) രാജ്യം ഉന്നത സിവിലിയൻ പുരസ്കാരം ഷിൻസോ ആബേയക്ക് സമ്മാനിച്ചു. ഷിൻസോ ആബേയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോക നേതാക്കള്‍ അനുശോചിച്ചു.
Read more: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റു