ന്യൂയോര്‍ക്ക്: പതിനൊന്നായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫേസ്‌ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ. ആകെ ജീവനക്കാരില്‍ 13ശതമാനം വരും ഇത്. ടെക്‌വ്യവസായം നേരിടുന്ന മൊത്തത്തിലുള്ള പ്രതിസന്ധിയും കമ്പനിയുടെ വരുമാനത്തില്‍ വന്ന ഇടിവുമാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമായതെന്ന് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇമെയിലിലൂടെ ജീവനക്കാരെ അറിയിച്ചു.
ട്വിറ്ററില്‍ നടന്ന വ്യാപകമായ പിരിച്ചുവിടലിന് പിന്നാലെയാണ് മെറ്റയുടേയും നടപടി. കൊവിഡ് കാലത്ത് വലിയ രീതിയില്‍ ആളുകളെ ജോലിക്കെടുത്ത മറ്റ് ടെക് കമ്പനികളിലും പിരിച്ചുവിടല്‍ നടക്കുകയാണ്. മഹാമാരിക്ക് ശേഷവും ബിസിനസില്‍ വലിയ വളര്‍ച്ച പ്രതീക്ഷിച്ചായിരുന്നു താന്‍ വലിയ രീതിയില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം എടുത്തതെന്നും എന്നാല്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ലെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.
ഓണ്‍ലൈന്‍ വ്യാപാരം പഴയ നിലയില്‍ വന്നു എന്നാല്‍ സമ്പദ്‌വ്യവസ്ഥയിലെ ഇടിവും, വര്‍ധിച്ച മത്സരവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനക്കുറവും താന്‍ പ്രതീക്ഷിച്ചതിനപ്പുറമായിരുന്നു. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
കൊവിഡ് കാലത്ത് ടെക്‌കമ്പനികള്‍ക്ക് ഉണ്ടായ വളര്‍ച്ച കുറഞ്ഞു : മഹാമാരിക്കാലത്ത് ആളുകള്‍ കൂടുതല്‍ സമയം വീട്ടിലിരുന്ന് സ്‌മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറിലും സമയം ചെലവഴിച്ചതിനാല്‍ മെറ്റ അടക്കമുള്ള ടെക്ക് കമ്പനികളുടെ വരുമാനം വര്‍ധിക്കുന്നതിന് കാരണമായി. എന്നാല്‍ ലോക്‌ഡൗണിന് ശേഷം ആളുകള്‍ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ചെലവഴിക്കുന്നത് കുറഞ്ഞതോടെ വരുമാന വളര്‍ച്ചാനിരക്ക് കുറഞ്ഞു. സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം അനുഭവപ്പെട്ടതോടെ പരസ്യത്തിനായുള്ള ചെലവ് കമ്പനികള്‍ കുറച്ചു. മെറ്റയുടെ വരുമാനത്തിന്‍റെ പ്രധാന സ്രോതസ്സ് പരസ്യമാണ്.
ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നു : ചരിത്രത്തിലാദ്യമായി മെറ്റയുടെ വരുമാനത്തില്‍ കുറവുണ്ടാകുന്നത് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാണ്. തുടര്‍ന്ന് രണ്ടാം പാദത്തിലും കമ്പനിയുടെ വരുമാനം ആദ്യ പാദത്തിനേക്കാള്‍ ഇടിഞ്ഞു.
സാമൂഹ്യ മാധ്യമത്തിലുള്ള കേന്ദ്രീകരണത്തില്‍ നിന്ന് മാറിക്കൊണ്ട് വെര്‍ച്വല്‍ റിയാലിറ്റി ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവ അടങ്ങുന്ന മെറ്റാവേഴ്‌സ് എന്ന ആശയത്തിലേക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. എന്നാല്‍ ഇതിനായി കമ്പനി വന്‍തുക ചെലവഴിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഒരു വര്‍ഷം 1,000 കോടി ഡോളറാണ് ഇതിനായി മെറ്റ ചെലവഴിക്കുന്നത്.
ആപ്പിള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്വകാര്യതാടൂളുകള്‍ അവതരിപ്പിച്ചതും മെറ്റയ്‌ക്ക് തിരിച്ചടിയായി. ഇത് കാരണം ഫേസ്‌ബുക്ക്, ഇന്‍സ്‌റ്റഗ്രാം എന്നിവയ്‌ക്ക് ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരെ ട്രാക്ക് ചെയ്യാന്‍ പറ്റാതായി. അതുകൊണ്ട് തന്നെ അവര്‍ക്കായുള്ള ടാര്‍ഗറ്റഡ് പരസ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. ടിക്‌ടോക്കില്‍ നിന്നും മെറ്റ വലിയ മത്സരം നേരിടുന്നുണ്ട്. യുവാക്കള്‍ക്ക്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിനേക്കാള്‍ പ്രിയം ടിക്‌ടോക്കിനോടാണ്.