ലണ്ടൻ: സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. ശക്‌തമായ പേശികൾ, രോഗസാധ്യത കുറയ്‌ക്കൽ, മാനസികാരോഗ്യം തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ വ്യായാമത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ വേദന സഹിക്കാനുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് പഠനം.
PLOS One ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾക്ക് വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഉയർന്ന വേദന സഹിഷ്‌ണുത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. 10,732 പേരിൽ നിന്ന് സ്വീകരിച്ച ഡാറ്റകളുടെ അടിസ്ഥാനത്തിൽ നോർവേയിലെ ട്രാംസിൽ നടത്തിയ നീണ്ട കാലത്തെ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
30നും 87 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതിൽ പകുതിയിലധികവും സ്‌ത്രീകളായിരുന്നു. എട്ട് വർഷത്തോളമാണ് പഠനം നടത്തിയത്. ഇതിനിടെ പഠനത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും അനുഭവങ്ങൾ രണ്ട് പ്രാവശ്യം വീതം വിലയിരുത്തി. ഇതിൽ അവർ തങ്ങളുടെ ശാരീരിക പ്രവർത്തന നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ഒരു കോൾഡ് പ്രസ്സർ ടെസ്റ്റിൽ (കൈയോ കാലോ ഐസ് വെള്ളത്തിൽ 1-3 മിനിറ്റ് മുക്കി വച്ച് നടത്തുന്ന പരിശോധന) പങ്കെടുക്കുകയും ചെയ്‌തു.
വ്യായാമം ചെയ്യുന്നവരെ സജീവമായവർ, സജീവമല്ലാത്തവർ എന്ന് തിരിച്ചാണ് പരിശോധന നടത്തിയത്. ഇതിൽ കൂടുതൽ സജീവമായി വ്യായാമം ചെയ്യുന്നവർക്ക് കൂടുതൽ സമയം വെള്ളത്തിൽ കൈ മുക്കി വയ്‌ക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. സജീവമായവർക്ക് ശരാശരി 115.7 സെക്കൻഡ് നേരം കൈ മുക്കി വയ്‌ക്കാൻ സാധിച്ചു.
സജീവമല്ലാത്തവർക്ക് 99.4 സെക്കൻഡ് മാത്രമേ കൈ മുക്കി വയ്‌ക്കാൻ സാധിച്ചുള്ളു. ഇതിലൂടെ സജീവമായി വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് സജീവമല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു.
ALSO READ: സ്റ്റെന്‍റുകളെക്കാൾ ഫലപ്രദം, ശസ്‌ത്രക്രിയയും വേണ്ട; ധമനികളിലെ തടസം നീക്കാന്‍ ലേസർ തെറാപ്പി
എക്‌സർസൈസ്- ഇൻഡ്യൂസ്‌ഡ് ഹൈപ്പോഅൽജിസിയ പോലുള്ള വ്യായാമത്തിന് ശേഷം സംഭവിക്കുന്ന ചില ശാരീരിക മാറ്റങ്ങളാകാം ഇതിന് കാരണം എന്നാണ് പോർട്ട്സ്‌മൗത്ത് സർവകലാശാലയിലെ സൈക്കോളജി വിഭാഗത്തിലെ സീനിയർ ലക്‌ചറർ നിൽസ് നീഡർസ്ട്രസർ പറയുന്നത്. ശരീരത്തിലെ സ്വാഭാവികമായ വേദനസംഹാരിയാണ് എൻഡോർഫിനുകൾ. വ്യായാമം ചെയ്യുമ്പോൾ ഇതിന്‍റെ ഉത്പാദനം വർധിപ്പിക്കാൻ സാധിക്കുന്നു.
വ്യായാമം എൻഡോകണ്ണാബിനോയിഡുകളുടെ അളവ് വർധിപ്പിക്കുമെന്നും പഠനങ്ങൾ കാണിക്കുന്നു. ഇത് വേദന സഹിക്കാനുള്ള നമ്മുടെ സഹിഷ്‌ണുത മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു. വ്യായമത്തിനിടയിലും ചെറിയ തോതിലുള്ള വേദന നമുക്ക് അനുഭവപ്പെടാറുണ്ട്. ഈ ഘട്ടത്തിലും വ്യായാമം തുടരുമ്പോൾ വേദനയ്ക്കിടയിലും ചില കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തെ നമുക്ക് വളര്‍ത്തിയെടുക്കാൻ കഴിയും.
ശാരീരിക പ്രവർത്തനങ്ങൾ നമ്മുടെ മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു. ഇത് വേദനയെ കൂടുതൽ പ്രതിരോധിക്കും. സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വേദനയെയും ചലനത്തെയും കുറിച്ചുള്ള ഭയത്തെ മറികടക്കാൻ സഹായിക്കുകയും വേദനയെ മറികടക്കുന്നതിനായി തയ്യാറെടുക്കാൻ നിങ്ങളെ സജ്ജരാക്കുകയും ചെയ്യും.