വാഷിങ്ടൺ : സ്‌പേസ് എക്‌സുമായി ചേർന്ന് ക്രൂ-5 ദൗത്യം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ച് നാസ. സ്‌പേസ് എക്‌സിന്‍റെ ഫാൽകൺ 9 റോക്കറ്റ് ആണ് ഡ്രാഗൺ പേടകവും വഹിച്ചുകൊണ്ട് ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. മിഷൻ കമാൻഡറായി നാസയുടെ നിക്കോൾ മാനും പൈലറ്റായി ജോഷ് കസാഡയുമാണ് ക്രൂ-5 ദൗത്യത്തിലുള്ളത്.
ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസി) ബഹിരാകാശ യാത്രികൻ കൊയിച്ചി വകാത്ത, റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്‍റെ ബഹിരാകാശ യാത്രിക അന്ന കികിന എന്നിവരാണ് മിഷൻ സ്‌പെഷ്യലിസ്റ്റുകൾ. ഇവർ ആറ് മാസം വരെ ബഹിരാകാശ നിലയത്തിൽ തുടരും.
ഈ സമയം 200ലധികം ശാസ്ത്ര പരീക്ഷണങ്ങളും സാങ്കേതിക പ്രദർശനങ്ങളും ക്രൂ-5 നടത്തും. ബഹിരാകാശത്ത് മനുഷ്യ കലകളുടെ ഉത്പാദനം (ബയോ പ്രിന്‍റിങ്), ഹൃദ്രോഗം സംബന്ധിച്ച കൂടുതൽ പഠനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രൂ അംഗങ്ങളിൽ 11 മാസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച ഏക യാത്രികന്‍ കൊയിച്ചി വകാത്തയാണ്.
വാണിജ്യ ബഹിരാകാശ പര്യവേക്ഷണത്തിന്‍റെ സുവർണ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നതിന്‍റെ തെളിവാണ് ക്രൂ-5 പോലെയുള്ള ദൗത്യങ്ങളെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. പങ്കാളിത്തവും ശാസ്‌ത്രീയ വൈദഗ്‌ധ്യവും പുതിയ കണ്ടുപിടിത്തങ്ങൾക്കായുള്ള ത്വരയും ചേര്‍ന്ന ഒരു പുതു യുഗമാണിതെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. നാസ ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന ആറാമത്തെ സ്‌പേസ് എക്‌സ് റോക്കറ്റാണിത്.
ഇലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് ഇതുവരെ 30 പേരെ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. നാസ ബഹിരാകാശ യാത്രികരായ ബോബ് ഹൈൻസ്, കെജെൽ ലിൻഡ്ഗ്രെൻ, ഫ്രാങ്ക് റൂബിയോ, ജെസിക്ക വാട്‌കിൻസ്, ഇഎസ്എ (യൂറോപ്യൻ ബഹിരാകാശ ഏജൻസി) ബഹിരാകാശ യാത്രിക സാമന്ത ക്രിസ്റ്റോഫോറെറ്റി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റലിൻ എന്നിവരടങ്ങിയ എക്‌സ്‌പെഡിഷൻ 68 ക്രൂവിനൊപ്പം ക്രൂ-5 അംഗങ്ങളും ചേരും.
Also Read: ഹബിളിനെ സുസ്ഥിരമായ ഭ്രമണപഥത്തിലെത്തിക്കാൻ നാസ; ദൗത്യം മസ്‌കിന്‍റെ സ്‌പേസ് എക്‌സിനൊപ്പം
ഡ്രാഗൺ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതോടെ അവിടുത്തെ ആളുകളുടെ എണ്ണം 11 ആയി വർധിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ക്രൂ-4 ബഹിരാകാശ യാത്രികരായ ഹൈൻസ് ലിൻഡ്‌ഗ്രെൻ, ജെസിക്ക വാട്‌കിൻസ്, സാമന്ത ക്രിസ്റ്റോഫോറെറ്റി എന്നിവർ ഭൂമിയിലേക്ക് മടങ്ങും.