മനില: മധ്യ ഫിലിപ്പീൻ പ്രവിശ്യയിൽ ഭൂചലനം. ഇന്ന് പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്കാണ് റിക്‌ടർ സ്‌കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നിലവിൽ വലിയ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പ്രവിശ്യയിലെ പ്രധാന ദ്വീപായ മാസ്‌ബേറ്റിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. അർധരാത്രിയിലുണ്ടായ ഭൂകമ്പം ജനങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. നിരവധി പേർ ഉടൻ തന്നെ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയും കെട്ടിടത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് രോഗികളെ ഒഴുപ്പിക്കുകയും ചെയ്‌തതായി മാസ്‌ബേറ്റ് പ്രവിശ്യ ദുരന്ത നിവാരണ ഓഫിസർ അഡോണിസ് ദിലാവോ പറഞ്ഞു.
മസ്‌ബേറ്റ് പ്രവിശ്യയിലെ സർക്കാർ കൊളീസിയത്തിന്‍റെ സീലിങ്ങ് ഉൾപ്പെടെ നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വിള്ളൽ രൂപപ്പെട്ടിരുന്നു. ഭൂകമ്പത്തെത്തുടർന്ന് മസ്‌ബേറ്റിലെയും അടുത്തുള്ള ടിക്കാവോ ദ്വീപിലെയും പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. ചില സ്‌കൂളുകളിൽ അധികൃതർ താത്‌കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവിൽ നാശനഷ്‌ടങ്ങളുടെ വിലയിരുത്തൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ഓഫിസർ അറിയിച്ചു. ഭൂകമ്പങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും വലിയ സാധ്യതയുള്ള രാജ്യമാണ് ഫിലിപ്പീൻസ്.