സാൻഫ്രാൻസിസ്കോ: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ് ബുക്ക് അക്കൗണ്ട് പുനസ്ഥാപിച്ച് മാതൃ കമ്പനിയായ മെറ്റ. രണ്ട് വര്‍ഷത്തേക്കുള്ള സസ്‌പെന്‍ഷന്‍ കാലാവധി അവാസാനിച്ചതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. ജനുവരി 6ന് ഉണ്ടായ യുഎസ് ക്യാപിറ്റോള്‍ കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡൊണാള്‍ഡ് ട്രംപിന് ഫേസ് ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിലക്ക് പിന്‍വലിച്ചത് ഒരു ഫേസ് ബുക്ക് ഫോസ്റ്റിലൂടെയാണ് മെറ്റ അറിയിച്ചത്. രാഷ്‌ട്രീയ പ്രമുഖരാണെങ്കിലും ലോക നേതാക്കളാണെങ്കിലും ഫേസ് ബുക്കില്‍ നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി പുതിയ ഗാർഡ്‌റെയിലുകൾ ചേര്‍ക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. 'പൊതുജനങ്ങള്‍ക്ക് തങ്ങളുടെ നേതാക്കളെ കുറിച്ചറിയാന്‍ കഴിയണം. നല്ലതും ചീത്തയുമായ കാര്യങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയണമെന്നും മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്‍റ് നിക്ക് ക്ലെഗ് പറഞ്ഞു. ലോകത്ത് ഒരു അപകട സാധ്യതയുണ്ടാകുമ്പോള്‍ മെറ്റ അതില്‍ ഇടപെടുമെന്നും ക്ലെഗ് കൂട്ടിച്ചേര്‍ത്തു.
വരും ആഴ്‌ചകളില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ ഫെ്യ്‌സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ട്രംപിനെ തിരികെ കൊണ്ടുവരുന്നതെന്നാണ് നിക്ക് ക്ലെഗ് പറയുന്നത്. മെറ്റയുടെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇനി പോസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഉള്ളടക്കം നീക്കം ചെയ്യുകയും ലംഘനത്തിന്‍റെ തീവ്രതയനുസരിച്ച് ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ക്യാപിറ്റോള്‍ കലാപത്തില്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ പ്രശംസിച്ചതിന് 2021ജനുവരി 7നാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ് ബുക്ക് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്രംപിന്‍റെ യുഎസ് പ്രസിഡന്‍റ് തോല്‍വിക്ക് പിന്നാലെയാണ് ക്യാപിറ്റോളില്‍ കലാപമുണ്ടായത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ വിജയം അംഗീകരിക്കുന്നത് തടയാനായി ട്രംപ് അനുകൂലികളാണ് ആക്രമണം നടത്തിയതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം തന്‍റെ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഫേസ് ബുക്കിന് ഡോളര്‍ കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങളാണുണ്ടായതെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. സിറ്റിങ് പ്രസിഡന്‍റിനോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലോ ഇനിയും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകരുതെന്നും ട്രംപ് പറഞ്ഞു.
ഫേസ് ബുക്കിന് പുറമെ ഇന്‍സ്‌റ്റഗ്രാമിലും ട്വിറ്ററിലും ഡൊണാള്‍ഡ് ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫേസ് ബുക്കിനൊപ്പം വിലക്ക് ഏര്‍പ്പെടുത്തിയ അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പുനസ്ഥാപിച്ചു. ട്വിറ്ററില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തുന്നപ്പോള്‍ തന്നെ പിന്‍വലിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതുവരെ ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.
ട്വിറ്റര്‍ ഉപയോഗിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യാധാര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ് ബുക്കിലെ തന്‍റെ അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ട്രൂത്ത് സോഷ്യല്‍ എന്ന പേരില്‍ ട്രംപ് സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫാം ആരംഭിച്ചിരുന്നു. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പാണ്(TMTG) സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്‌ഫോമാണ് ട്രൂത്ത് സോഷ്യല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആപ്പ് ലോഞ്ച് ചെയ്‌തത്.