ബെയ്‌ജിങ്: കൊവിഡ് വിതച്ച ദുരിതങ്ങളില്‍ നിന്നെല്ലാം ലോക രാജ്യങ്ങള്‍ പതുക്കെ തലപൊക്കി തുടങ്ങുമ്പോഴാണ് ജനങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള മറ്റൊരു വാര്‍ത്ത പുറത്ത് വന്നത്. ചൈനയില്‍ വീണ്ടും കൊവിഡ് പുതിയ വകഭേദം പകര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നുവെന്ന്. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ലോക രാജ്യങ്ങളിലെല്ലാം വീണ്ടും ആശങ്ക പടര്‍ന്നു. ആശങ്കക്കൊപ്പം നിരവധി അഭ്യൂഹങ്ങളും പടര്‍ന്നു തുടങ്ങി.
എന്നാല്‍ പല നിഗമനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍ ലാന്‍സൈറ്റ് പഠനം. ചൈനയില്‍ അടുത്തിടെയുണ്ടായ കൊവിഡ് പകര്‍ച്ചയ്‌ക്ക് കാരണമായത് ഒമിക്രോണ്‍ ഉപവകഭേദങ്ങളാണെന്ന് ദ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ന്‍റെ അവസാനനാളുകളായ നവംബര്‍ 14നും ഡിസംബര്‍ 20നും ഇടയിലാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ അധികരിച്ചത്.
ചൈനയില്‍ രണ്ടാമത് കൊവിഡ് പകര്‍ച്ചയ്‌ക്ക് കാരണമായത് ബി.എഫ് 7 എന്ന ഒമിക്രോണിന്‍റെ ഉപവിഭാഗമാണെന്ന് ലാന്‍സൈറ്റ് പഠനം വ്യക്തമാക്കുന്നു. 2022 അവസാനത്തില്‍ ചൈനയില്‍ 90 ശതമാനം പേരിലും കൊവിഡ് ബാധിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്താണ് ബി.എഫ് 7: BA.5 ഒമിക്രോണ്‍ വേരിയന്‍റിന്‍റെ ഒരു ഉപ വകഭേദമാണ് ബി.എഫ് 7. BA.5.2.1.7 എന്നതിന്‍റെ ചുരുക്ക പേരാണ് ബിഎഫ് 7 എന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. നേരത്തെയുണ്ടായിരുന്ന കൊവിഡിനെക്കാള്‍ അതിവേഗത്തില്‍ മറ്റുള്ളവരിലേക്കും ഇത് വ്യാപിക്കുമെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
മാത്രമല്ല പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരില്‍ പോലും വളരെ വേഗത്തില്‍ ഇവ പടര്‍ന്ന് പിടിക്കും. പ്രതിരോധശേഷി കുറഞ്ഞവരോ അല്ലെങ്കില്‍ മറ്റ് ശാരീരിക രോഗങ്ങള്‍ ഉള്ളവരോ ആണെങ്കില്‍ ബിഎഫ് 7 ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നും വിദഗ്‌ധര്‍ പറയുന്നു.
ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വളരെ വേഗത്തില്‍ ബാധിക്കുന്നുവെന്നതാണ് ബിഎഫ് 7ന്‍റെ പ്രധാന പ്രത്യേകത. ചൈനയില്‍ നിലവില്‍ കൊവിഡ്ബാധിതരുടെ എണ്ണം കുറഞ്ഞ് വന്നിട്ടുണ്ട്. എന്നാലും കൊവിഡ് മാനദണ്ഡങ്ങള്‍ പ്രത്യേകിച്ച് മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ പൂര്‍ണമായും ഒഴിവാക്കിയാല്‍ കൊവിഡ് മഹാമാരി വീണ്ടും തിരികെയെത്തുമെന്ന ആശങ്കയിലാണ് ചൈന.
മാത്രമല്ല അത്തരത്തിലുണ്ടാകുന്ന പകര്‍ച്ച പുതിയ വകഭേദങ്ങളെ സൃഷ്‌ടിച്ചേക്കാമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോക രാജ്യങ്ങളല്ലാം കൊവിഡില്‍ നിന്ന് മുക്തരായി കൊണ്ടിരുന്ന സമയത്ത് ചൈനയില്‍ പകര്‍ന്നത് ബിഎഫ് 7 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണെന്ന് ചൈനീസ് അക്കാദമിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയിലെ പ്രധാന എഴുത്തുകാരൻ പ്രൊഫസർ ജോർജ്ജ് ഗാവോ പറഞ്ഞു. നിലവില്‍ ചൈനയില്‍ സ്ഥിതി ഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും സൂക്ഷമത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രൊഫസർ ജോർജ് ഗാവോ പറഞ്ഞു.
ഇത്തരത്തില്‍ നിരീക്ഷണം ശക്തമാക്കിയാല്‍ പുതിയ വകഭേദങ്ങളുണ്ടാവുകയാണെങ്കില്‍ വേഗത്തില്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ചൈനയിലെ കൊവിഡ് രോഗികളുടെ എണ്ണം അവ്യക്തമാണെന്നും കൊവിഡ് പകര്‍ച്ച കുറഞ്ഞത് കാരണം വലിയ തോതിലുള്ള നിര്‍ബന്ധിത പരിശോധനയില്ലെന്നും ദക്ഷിണാഫ്രിക്കയിലെ സ്റ്റെല്ലൻബോഷ് സർവകലാശാലയിലെ പ്രൊഫസർ വുൾഫാങ് പ്രീസറും ടോംഗായി മാപോംഗയും പറഞ്ഞു. ഇത്തരത്തില്‍ പരിശോധനയ്‌ക്ക് വിധേയരാക്കാത്തത് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണെന്നും ടോംഗായി മാപോംഗ വ്യക്തമാക്കി.