നാല് വർഷത്തോളമായി ലോകത്തെ മുൾമുനയിൽ നിർത്തിയ കൊറോണയെ ആഗോള അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് നീക്കം ചെയ്‌ത് ലോകാരോഗ്യ സംഘടന. അന്താരാഷ്‌ട്ര ആരോഗ്യ റെഗുലേഷൻസ് എമർജൻസി കമ്മിറ്റിയുടെ 15-ാമത് യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ ശുപാർശ ചെയ്‌തത്.
ഒരു വർഷത്തിലേറെയായി മഹാമാരിയുടെ വർധനവിൽ വലിയ കുറവാണ് ഉണ്ടാകുന്നതെന്നും ഈ പ്രവണതയിലൂടെ തന്നെ മിക്ക രാജ്യങ്ങൾക്കും കൊവിഡ് 19ന് മുമ്പ് ഉണ്ടായിരുന്ന ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചുവെന്നും ടെഡ്രോസ് അദാനം പറഞ്ഞു. വ്യാഴാഴ്‌ച അടിയന്തര കമ്മിറ്റി 15-ാമത് യോഗം ചേർന്നു. തുടർന്ന് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു എന്നും ടെഡ്രോസ് അദാനം പറഞ്ഞു.
വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്‌ടിച്ച് അവ ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കേസുകളിൽ പുതിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ഉപ-ഭേദങ്ങളായ XBB.1.15, XBB.1.15 എന്നിവ ഉണ്ടായെങ്കിൽ പോലും രോഗ ബാധിതരും മരണങ്ങളും മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കിലാണ് ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ വ്യക്തമാക്കി.
അതേസമയം ഏപ്രിൽ അവസാന വാരത്തിൽ 3,500-ലധികം ആളുകളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കൊവിഡ് ലോകത്താകമാനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 2020 ജനുവരിയിൽ ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റിയാണ് കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏകദേശം ആറാഴ്‌ചക്ക് ശേഷം കൊവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഒരു രോഗത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിന് മൂന്ന് വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിക്കണം, ഗുരുതരമായ രോഗത്തിനും ആശുപത്രിവാസത്തിനും മരണത്തിനും കാരണമാകണം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കാര്യമായ സമ്മർദം ചെലുത്തണം എന്നിവയാണ് വ്യവസ്ഥകൾ.
അതേസമയം പല രാജ്യങ്ങളും ഇതിനകം തന്നെ കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചിട്ടുണ്ട്. മെയ് 11ന് കൊവിഡ് അടിയന്തരാവസ്ഥ പിൻവലിക്കാൻ യുഎസും ലക്ഷ്യമിടുന്നുണ്ട്. കൊവിഡ് ഇതുവരെ 763 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 6.9 ദശലക്ഷത്തിലധികം ജീവൻ അപഹരിക്കുകയും ചെയ്‌തിട്ടുണ്ട്.
ലോകത്തെ പൂട്ടിയിട്ട കൊവിഡ്: 2019-ന്‍റെ അവസാനത്തിൽ ചൈനയിലെ വുഹാനിലാണ് കൊവിഡ്-19 വൈറസ് ആദ്യമായി കണ്ടെത്തിയത്. തുടർന്ന് ലോകത്താകമാനം രോഗം പടർന്ന് പിടിക്കുകയായിരുന്നു. ഇന്ത്യയിലും കൊവിഡ് വലിയ നാശമാണ് വിതച്ചത്. ഇന്ത്യയിൽ 4.43 കോടി കൊവിഡ് കേസുകളും 5.3 ലക്ഷം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കൊവിഡ്-19 അണുബാധയുടെ മൂന്ന് തരംഗങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. 2020 പകുതി മുതൽ സെപ്‌റ്റംബർ വരെയാണ് രാജ്യത്ത് കൊവിഡിന്‍റെ ആദ്യ തരംഗം അനുഭവപ്പെട്ടത്. 2021 ഏപ്രിൽ മെയ് മാസങ്ങളിൽ ഇന്ത്യയിൽ കൊവിഡിന്‍റെ വിനാശകരമായ രണ്ടാം തരംഗം അനുഭവപ്പെട്ടു.
ഇത് കൂടുതൽ പേർക്ക് രോഗം വരുന്നതിനും കൂടുതൽ മരണങ്ങൾക്കും കാരണമായി. കൊവിഡിന്‍റെ വകഭേദമായ ഡെൽറ്റ വേരിയന്‍റാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. എന്നാൽ മൂന്നാം തംരംഗമായ ഒമിക്രോൺ അത്ര അപകടകാരിയിയാരുന്നില്ല. ഇതിന് ശേഷം രാജ്യത്ത് വൈറസിന്‍റെ വലിയ തരംഗങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ല.