ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടയിൽ, ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയി കൊന്നു കളഞ്ഞ ടാറ്റു ആർട്ടിസ്റ്റിനെ തിരിച്ചറിഞ്ഞ് സഹോദരി. സോഷ്യൽ മീഡിയയിലൂടെ ഹമാസ് ഭീകരർ പുറത്തു വിട്ട വീഡിയോയിലൂടെയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. വീഡിയോയിൽ അതിക്രൂരമായാണ് ഹമാസ് ഭീകരർ പെൺകുട്ടിയോട് പെരുമാറുന്നത് (Cousin Identified Her Sister Who Killed Hamas Terrorists).
പെൺകുട്ടിയെ നഗ്നയാക്കി നടത്തുകയും ദേഹത്ത് തുപ്പുകയും ചെയ്യുന്നതായി വീഡിയോയിൽ വ്യക്‌തമാണ്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയെ ആണ് ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയത്. സ്‌ത്രീ ഇസ്രയേൽ സൈനികയാണെന്നാണ് ഹമാസ് ആദ്യം പറഞ്ഞതെങ്കിലും ടാറ്റു ആർട്ടിസ്റ്റായ ഷാനി ലൂക്കാണെന്ന് സഹോദരി ആദി ലൂക്ക് എക്‌സിലൂടെ (ട്വിറ്റർ) സ്ഥിരീകരിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷാനി ലൂക്കിന്‍റെ അമ്മ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ, മകളുടെ കൂടുതൽ വിവരങ്ങൾക്കായി ഇസ്രയേൽ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്‌തു. ശനിയാഴ്‌ച രാവിലെ ഒരു ഓപ്പൺ എയർ ഫെസ്റ്റിവലിന്‍റെ നിയന്ത്രണം തീവ്രവാദികൾ ഏറ്റെടുത്തതിന് ശേഷമാണ് ഷാനി ലൂക്കിനെ കാണാതായതായി ഷാനിയുടെ സഹോദരി പറഞ്ഞു. റോക്കറ്റുകൾ ഗാസ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പട്ടണങ്ങളിലേക്ക് അയച്ചാണ് ഹമാസ് യുദ്ധം ആരംഭിച്ചത്.
"ഓപ്പറേഷൻ വാൾസ് ഓഫ് അയൺ" എന്ന പേരിൽ ഹമാസിന്‍റെ ഒളിത്താവളങ്ങൾ എന്ന് സംശയിക്കപ്പെടുന്ന നിരവധി ഹമാസ് ഒളിത്താവളങ്ങൾ ഇസ്രായേൽ തകർത്തു. ഹമാസിന്‍റെ നുഴഞ്ഞുകയറ്റം എന്തു വില കൊടുത്തും തടയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിലും ഇസ്രായേലിലും 2000 പേർക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്‌ച രാവിലെയാണ് (7-10-2023) ഹമാസ് ഭീകരർ സംഗീത പരിപാടി നടക്കുന്ന സ്ഥലം ആക്രമിച്ചത്. അവിടെ നിന്ന് നിരവധി സ്‌ത്രീകളെ തട്ടിക്കൊണ്ട് പോയി. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. ഓപ്പറേഷൻ അൽഅഖ്‌സ ഫ്ലസ് എന്ന പേരിൽ പാലസ്‌തീൻ അനുകൂല സംഘടനയായ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേലിൽ നിരവധി പേർ മരണപ്പെട്ടു.