കൊളംബോ : ചൈനയുടെ വിവാദ ഗവേഷണ കപ്പല്‍ ആറ് ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖം വിട്ടു. ഉപഗ്രഹങ്ങളേയും ബാലിസ്റ്റിക് മിസൈലുകളേയും നിരീക്ഷിക്കാന്‍ ശേഷിയുള്ള യുആന്‍ വാങ് 5 ഹമ്പന്‍ ടോട്ടയില്‍ ഓഗസ്റ്റ് 11ന് എത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക അറിയിച്ചതിന് ശേഷം ശ്രീലങ്ക കപ്പലിന് അനുമതി നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നു.
ചൈനീസ് കപ്പല്‍ ഹമ്പന്‍ടോട്ടയില്‍ എത്തിയത് ഓഗസ്റ്റ് 16 പ്രദേശിക സമയം 8.20നാണ്. ഇന്ധനങ്ങള്‍ നിറയ്‌ക്കുന്നതിനും മറ്റുമായാണ് കപ്പല്‍ ഹമ്പന്‍ ടോട്ടയില്‍ നങ്കൂരമിട്ടത്. ഇന്ന്(22.08.2022) പ്രാദേശിക സമയം നാല് മണിക്കാണ് കപ്പല്‍ തുറമുഖം വിട്ടതെന്ന് ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല സില്‍വ മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയിലെ ജിയാങ് യിന്‍ തുറമുഖത്താണ് യുആന്‍ വാങ് 5 അടുത്തതായി നങ്കൂരമിടുകയെന്ന് അധികൃതര്‍ പറഞ്ഞു. ചൈനീസ് എംബസി ആവശ്യപ്പെട്ടത് പ്രകാരമുള്ള എല്ലാ സഹായങ്ങളും തുറമുഖത്ത് ഉള്ള സമയത്ത് ചെയ്‌ത് കൊടുത്തെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. ഇന്ത്യയുടെ ആശങ്കയുടെ പശ്ചാത്തലത്തില്‍ കപ്പല്‍ തുറമുഖത്ത് വരുന്നത് നീട്ടിവയ്ക്കാന്‍ ശ്രീലങ്ക ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റ് 13നാണ് യുആന്‍ വാങ് 5ന് നങ്കൂരമിടാന്‍ അനുമതി നല്‍കുന്നത്. ഓഗസ്റ്റ് 16 മുതല്‍ 22 വരെ നങ്കൂരമിടാനായിരുന്നു അനുമതി . സൈനിക രഹസ്യങ്ങള്‍ ഈ കപ്പല്‍ ചോര്‍ത്തുമെന്ന ആശങ്കയായിരുന്നു ഇന്ത്യയ്‌ക്കുള്ളത്. കേവലം ശാസ്ത്രീയമായ ലക്ഷ്യങ്ങളല്ല സൈനികമായ ലക്ഷ്യങ്ങളും ഈ ചൈനീസ് കപ്പലിനുണ്ടെന്ന് ഇന്ത്യ വിലയിരുത്തുന്നു. ഈ കപ്പലിന്‍റെ എല്ലാ ചലനങ്ങളും രാജ്യം അതിസൂക്ഷ്മമായാണ് നിരീക്ഷിച്ചത്.