ബീജിങ്: യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി തായ്‌വാന്‍ കടലിടുക്കില്‍ സൈനിക അഭ്യാസം നടത്താന്‍ തീരുമാനിച്ച് ചൈന. നാളെ(04.08.2022) മുതലാണ് സൈനിക അഭ്യാസം ആരംഭിക്കുന്നത്. യഥാര്‍ഥത്തിലുള്ള തിരകളായിരിക്കും(live ammunition) സൈനിക അഭ്യാസത്തില്‍ ഉപയോഗിക്കുക.
മൂന്ന് ദിവസമാണ് സൈനിക അഭ്യാസം നടക്കുകയെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. നാവികസേനയും വ്യോമസേനയും സംയുക്‌തമായാണ് സൈനിക അഭ്യാസം നടത്തുക. തായ്‌വാനെ വളഞ്ഞ് ആറ് ഭാഗങ്ങളിലാണ് പിഎല്‍എയുടെ(പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) സൈനിക അഭ്യാസം. ഇതില്‍ മൂന്ന് ഭാഗങ്ങള്‍ തായ്‌വാന്‍റെ അതിര്‍ത്തിക്കുള്ളില്‍ പെടുന്ന കടല്‍ ഭാഗത്താണ്.
ഈ ദിവസങ്ങളില്‍ വിമാനങ്ങളും കപ്പലുകളും ഈ മേഖലയിലൂടെ സഞ്ചരിക്കാന്‍ പാടില്ലെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് തായ്‌വാനും യുഎസും അംഗീകരിക്കുമോ എന്നുള്ളതാണ് പ്രധാനപ്പെട്ട ചോദ്യം. ഈ മേഖലകളില്‍ കപ്പലുകളും വിമാനങ്ങളും അയച്ച് ചൈനയുടെ പിഎല്‍എയെ പരീക്ഷിക്കുമോ എന്നാണ് അറിയേണ്ടത്.
സംഘര്‍ഷത്തിന്‍റെ നിഴലില്‍ തായ്‌വാന്‍ കടലിടുക്ക്: 28 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന സൈനിക സംഘര്‍ഷ സാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും സ്വന്തമായി സൈന്യവുമുള്ള തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുവരെ പിഎല്‍എ ഈ മേഖലയില്‍ നടത്തിയ സൈനിക നടപടിയേക്കാളും തായ്‌വാന്‍റെ ഏറ്റവും അടുത്താണ് ഈ സൈനിക അഭ്യാസം നടക്കുന്നത്.
1995-96 കാലത്താണ് ഇതിന് മുമ്പ് തായ്‌വാന്‍ കടലിടുക്കില്‍ ചൈനയും മറുഭാഗത്ത് തായ്‌വാനും യുഎസും തമ്മിലുള്ള സൈനിക കൊമ്പ് കോര്‍ക്കല്‍ നടന്നത്. മൂന്നാം തായ്‌വാന്‍ കടലിടുക്ക് പ്രതിസന്ധി എന്നാണ് ഇത് അറിയപ്പെട്ടത്. തായ്‌വാന്‍റെ അന്നത്തെ പ്രസിഡന്‍റ് ലീ ടെങ്‌ഹൂയി യുഎസ് സന്ദര്‍ശിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്.
ചൈനയുടെ സൈനിക അഭ്യാസത്തോട് അന്ന് അമേരിക്ക പ്രതികരിച്ചത് രണ്ട് വ്യോമവാഹിനി കപ്പല്‍ മേഖലയില്‍ അയച്ചാണ്. ഇതില്‍ ഒരെണ്ണം തായ്‌വാന്‍ കടലിടുക്കിലൂടെ കടന്നുപോകുകയും ചെയ്‌തു. അമേരിക്ക അത്തരത്തിലൊരു നടപടി ഈ പ്രാവശ്യം സ്വീകരിച്ചാല്‍ ചൈനയുമായി നേരിട്ടുള്ള സംഘര്‍ഷത്തിന് വഴിവെക്കാന്‍ സാധ്യത കൂടുതലാണ്. ചൈന മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സൈനികമായും സാമ്പത്തികമായും ശക്‌തി വര്‍ധിച്ചിട്ടുണ്ട് എന്നത് മാത്രമല്ല അതിനുള്ള കാരണം. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് പിന്തുടരുന്ന തീവ്ര ദേശീയതയില്‍ ഊന്നിയ വിദേശ നയവും ഇതിന് കാരണമാണ്.
ഒരു ചൈന നയം റെഡ്‌ലൈനെന്ന് ചൈന: തായ്‌വാന്‍ കടലിടുക്കിന്‍റെ ഒരു ഭാഗവും അന്താരാഷ്‌ട്ര സമുദ്രപാതയായി കണക്കാക്കാന്‍ കഴിയില്ലെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌വാന്‍ കടലിടുക്ക് മുഴുവനായും തങ്ങളുടെ അപ്രമാദിത്വത്തിലാണ് എന്ന പ്രഖ്യാപനമാണ് ഇത്. അതുകൊണ്ട് തന്നെ ഈ ഭാഗത്തേക്ക് വരുന്ന യുഎസ് യുദ്ധകപ്പലുകളെ ചൈന തടയാനാണ് കൂടുതല്‍ സാധ്യത.
ഒരു ചൈന നയത്തിന്‍റെ ലംഘനമാണ് യുഎസ് ജനപ്രതിനിധി സഭ സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ചൈന പറയുന്നത്. ചൈനയുടെ പരമാധികാരം കാത്ത് സൂക്ഷിക്കാന്‍ ഈ സൈനിക നടപടി അത്യാവശ്യമാണെന്നും ചൈന പ്രതികരിച്ചു.
1979 മുതല്‍ ഒരു ചൈന നയമാണ് അമേരിക്ക പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ചൈനയുമായി മാത്രമേ അമേരിക്കയ്‌ക്ക് നയതന്ത്രബന്ധം ഉള്ളൂ. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കുന്നതാണ് ഒരു ചൈന നയം(one China policy). അതേസമയം തായ്‌വാന് സ്വയം പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് നിയമത്തിലൂടെ യുഎസ് പ്രഖ്യാപിക്കുന്നു. 1979ല്‍ യുഎസ് പാസാക്കിയ തായ്‌വാന്‍ റിലേഷന്‍സ് ആക്‌റ്റാണ് ഇത്.
തായ്‌വാനെ മൊത്തത്തില്‍ വളയുന്നതാണ് ചൈനയുടെ സൈനിക അഭ്യാസം എന്നാണ് തായ്‌വാന്‍ പ്രതികരിച്ചത്. തങ്ങളുടെ രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരായ ഏത് നടപടിയേയും തങ്ങള്‍ പ്രതിരോധിക്കും. അതേസമയം സംഘര്‍ഷം വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും തായ്‌വാന്‍ പ്രതികരിച്ചു.
അതേസമയം സാമ്പത്തികമായും ചൈന തായ്‌വാനെതിരെ നടപടി സ്വീകരിച്ചു. തായ്‌വാനിലേക്ക് മണല്‍ കയറ്റി അയക്കുന്നത് നിര്‍ത്തിവെക്കുകയും, തായ്‌വാനില്‍ നിന്നുള്ള ചില ഇറക്കുമതി നിര്‍ത്തിവെക്കുകയും ചെയ്‌തു. തായ്‌വാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ 26 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. 32,830 കോടി അമേരിക്കന്‍ ഡോളറിന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.