വാഷിങ്‌ടണ്‍: ചൈന ലോകത്തിന്‍റെയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്ന് ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി (Republican Party) നേതാവ് നിക്കി ഹാലെ. ചൈന യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയെ വിവിധ മേഖലകളില്‍ തറപറ്റിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാനുള്ള മത്സര രംഗത്ത് സജീവ സാന്നിധ്യമായ നിക്കി ഹാലെ വ്യക്തമാക്കി (China Prepping For War and an Existential Threat to US says Nikki Haley).
ചില കാര്യങ്ങളിൽ ഇതിനോടകം തന്നെ ചൈനീസ് സൈന്യം യുഎസ് സായുധ സേനയ്ക്ക് (US Armed Forces) തുല്യമാണ്. ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കി കഴിഞ്ഞെന്നും നിക്കി ഹാലെ ഒഹായോയിൽ പറഞ്ഞു. ഇന്ത്യന്‍ വംശജനായ മറ്റൊരു റിപ്പബ്ലിക്കൻ പാര്‍ട്ടി നേതാവ് വിവേക് രാമസ്വാമി (Vivek Ramaswamy) ഒഹായോയിൽ ചൈനയുടെ വിദേശനയത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഹാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യത കല്പിക്കപ്പെടുന്നവരില്‍ പ്രധാനികളാണ് നിക്കി ഹാലെയും വിവേക് രാമസ്വാമിയും.
അമേരിക്കയുടെ വാണിജ്യരഹസ്യങ്ങള്‍ വരെ ചൈന സ്വന്തമാക്കിയതായും നിക്കി ഹാലെ ചൂണ്ടിക്കാട്ടി. "അവര്‍ ഞങ്ങളുടെ വ്യാപാര രഹസ്യങ്ങൾ എടുത്തിട്ടുണ്ട്. ഇപ്പോൾ മരുന്നുകൾ മുതൽ നൂതന സാങ്കേതികവിദ്യ വരെയുള്ള നിർണായക വ്യവസായങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. റെക്കോർഡ് സമയം കൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ നിന്ന് ഭൂമിയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ചൈന മാറിയിരിക്കുന്നു." -നിക്കി ഹാലെ പറഞ്ഞു.
ചൈനയ്ക്ക് ഒന്നാമതെത്താനുള്ള എല്ലാ ഉദ്ദേശവുമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. അവര്‍ ഒരു വലിയ അത്യാധൂനിക സൈന്യത്തെ കെട്ടിപ്പടുക്കുകയാണ്. അതുവഴി അമേരിക്കയെ ഭീഷണിപ്പെടുത്താനും, ഏഷ്യയിലും അതിനപ്പുറവും ആധിപത്യം സ്ഥാപിക്കാനും അവര്‍ക്ക് കഴിയുമെന്നും നിക്കി ഹാലെ ചൂണ്ടിക്കാട്ടി. "ചില കാര്യങ്ങളിൽ ചൈനയുടെ സൈന്യം ഇപ്പോള്‍ തന്നെ യുഎസ് സായുധ സേനയ്ക്ക് തുല്യമാണ്. മറ്റ് പല മേഖലകളിലും അവർ ഞങ്ങളെ മറികടന്നുകൊണ്ടിരിക്കുന്നു. ചൈനീസ് നേതാക്കൾ വളരെ ആത്മവിശ്വാസത്തിലാണ്, അവർ നമ്മുടെ ആകാശത്തേക്ക് ചാര ബലൂണുകൾ അയയ്ക്കുകയും ക്യൂബയില്‍ നമ്മുടെ തീരത്തോടുചേര്‍ന്ന് ചാര താവളം നിർമ്മിക്കുകയും ചെയ്യുന്നു." -നിക്കി ഹാലെ പറഞ്ഞു.
പ്രസിഡന്‍റ് ജോ ബൈഡന്‍റെ 500 ബില്യൺ യുഎസ് ഡോളറിന്‍റെ ഗ്രീൻ എനർജി സബ്‌സിഡി താന്‍ അധികാരത്തിലെത്തിയാല്‍ എടുത്തുകളയുമെന്നും നിക്കി ഹാലെ വ്യക്തമാക്കി. ചൈനയ്‌ക്ക് ഇനി പണമൊഴുക്കില്ല. യുഎസിനെ കൊവിഡിന് മുമ്പുള്ള ചെലവ് നിലവാരത്തിലേക്ക് തിരികെ കൊണ്ടുപോകാത്ത ഏത് ചെലവ് ബില്ലും വീറ്റോ ചെയ്യും. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ചിലവഴിക്കുന്ന കാര്യത്തില്‍ വളരെ വലുതും വിഡ്ഢിത്തപരവുമായ ആധിക്യമുണ്ടായി. പക്ഷേ കൊവിഡ് അവസാനിച്ചു. ഇനി ഇത്തരത്തില്‍ ചെലവഴിക്കുന്നത് അസംബന്ധമാണെന്നും നിക്കി ഹാലെ കൂട്ടിച്ചേര്‍ത്തു.