തായ്‌പേയ്: തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനിക അഭ്യാസങ്ങള്‍ തുടരുന്നു. ദ്വീപിന് ചുറ്റും വീണ്ടും ചൈനീസ് സൈന്യം അഭ്യാസങ്ങള്‍ തുടരുമെന്നാണ് വിവരം. യുഎസ് ഹൗസ് സ്‌പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെയാണിത്. ചൈനീസ് കടലിടുക്കിലേക്ക് സൈന്യം മിസൈലുകള്‍ അയക്കുകയും ദ്വീപിന് ചുറ്റും സൈനിക വിമാനങ്ങള്‍ പറത്തുകയും ചെയ്‌തു.
ചില കേന്ദ്രങ്ങളില്‍ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് തുടരുമെന്നും ചൈനയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡും പ്രതിരോധ മന്ത്രാലയവും പറഞ്ഞു. നാന്‍സി പെലോസിയുമായി ചര്‍ച്ച നടത്തിയതില്‍ പ്രകോപിതരായ ചൈന പിന്നാലെ തായ്‌വാന് മുകളിലും കടലിലും സൈന്യത്തെ വിന്യസിച്ചു. നേരത്തെ തായ്‌പേയിക്ക് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിക്ഷേപണവും നടത്തിയിരുന്നു. സൈനിക അഭ്യാസത്തിനായി ചൈന 10 യുദ്ധക്കപ്പലുകളാണ് ഇറക്കിയിട്ടുള്ളത്.
തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 1949-ലാണ് ചൈനയും തായ്‌വാനും വിഭജിക്കപ്പെട്ടത്. എന്നാൽ വിദേശ ഉദ്യോഗസ്ഥരുടെ തായ്‌വാനിലേക്കുള്ള സന്ദർശനം അതിന്‍റെ പരമാധികാരത്തിന് എതിരാണെന്ന് ചൈന കണക്കാക്കുന്നു.
തങ്ങളുടെ സൈന്യം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അതിനനുസരിച്ച് പ്രതികരിക്കാൻ വിമാനങ്ങളും കപ്പലുകളും അയച്ചിട്ടുണ്ടെന്നും തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. തായ്‌വാൻ പ്രസിഡന്‍റ് സായ് ഇംഗ്-വെൻ അന്താരാഷ്‌ട്ര സമൂഹത്തോട് 'ജനാധിപത്യ തായ്‌വാനെ പിന്തുണയ്‌ക്കാനും' ആവശ്യപ്പെട്ടിരുന്നു.