ലണ്ടന്‍: ചാള്‍സ് മൂന്നാമനെ ബ്രിട്ടന്‍റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ചാള്‍സ് മൂന്നാമനെ ബ്രിട്ടന്‍റെ രാജാവായി പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് രാജാവിന്‍റെ സ്ഥാനാരോഹണ ചടങ്ങ് ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്‌തു.
എലിസബത്ത് രാജ്ഞി മരണപ്പെട്ടപ്പോള്‍ തന്നെ അവരുടെ മൂത്തമകനായ ചാള്‍സ് ബ്രിട്ടന്‍റെ രാജാവായി മാറിയിരുന്നു. എന്നാല്‍ ബ്രിട്ടന്‍റെ ഭരണഘടനാപ്രകാരമുള്ള സ്ഥാനാരോഹണ ചടങ്ങിലൂടെയാണ് പുതിയ രാജാവിനെ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നത്. രാജാവിന്‍റെ ഔദ്യോഗിക കൊട്ടാരമായ സെന്‍റ് ജെയിംസ് കൊട്ടാരത്തിലാണ് ചടങ്ങ് നടന്നത്.
ചടങ്ങില്‍ സ്ഥാനാരോഹണ കൗണ്‍സിലെ അംഗങ്ങള്‍ പങ്കെടുത്തു. രാജാവിനെ ഭരണപരമായ കാര്യങ്ങളില്‍ ഉപദേശിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിലുള്ളവരും ഉദ്യോഗസ്ഥരുമാണ് സ്ഥാനാരോഹണ കൗണ്‍സിലില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.