ബെല്‍ഡണ്‍: മോഷണ ശ്രമം തടുത്ത് വളര്‍ത്തു പൂച്ച. 20 പൗണ്ട് (9.1 കിലോഗ്രാം) ഭാരമുള്ള ബാൻഡിറ്റ് എന്ന് പേരുള്ള പൂച്ചയാണ് ലോകശ്രദ്ധ നേടിയത്. യുഎസ്‌എയിലുളള ബെൽഡനിലെ ടുപെലോയില്‍ താമസിക്കുന്ന റിട്ടയേർഡ് ഉടമ ഫ്രെഡ് എവെരിറ്റിയുടെ വീട്ടില്‍ കഴിഞ്ഞയാഴ്‌ചയാണ് മോഷണ ശ്രമം നടന്നത്. രണ്ട് മോഷ്‌ടാക്കള്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പേള്‍ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ പൂച്ച തന്നാൽ കഴിയുന്നതെല്ലാം ചെയ്‌തുവെന്ന് വീട്ടുടമയായ ഫ്രെഡ് എവെരിറ്റി നോർത്ത് ഈസ്റ്റ് മിസിസിപ്പി ഡെയ്‌ലി ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'കാവല്‍ നായയെ പോലെ ഇത് ഒരു കാവല്‍ പൂച്ചയാണ്. ജൂലൈ 25ന് ഏകദേശം 2.30നും 3 മണിക്കുമിടയിലാണ് സംഭവം. അടുക്കളയില്‍ കയറി പൂച്ച ശബ്‌ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആദ്യം ഉണര്‍ന്നത്. പിന്നീട് കിടപ്പുമുറിയില്‍ ചെന്ന് കട്ടിലില്‍ ചാടി കയറി പുതപ്പില്‍ നഖം കൊണ്ട് മാന്തുവാന്‍ തുടങ്ങി. മുന്‍പ് പൂച്ച ഇത്തരം പ്രവര്‍ത്തികള്‍ കാണിച്ചിരുന്നില്ലെന്നും ഫ്രെഡ് എവെരിറ്റി പറഞ്ഞു.
എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പുറത്ത് പോയി നോക്കിയപ്പോഴാണ് കൈയ്യില്‍ തോക്കും കട്ടപ്പാരയുമായി രണ്ട് പേര്‍ നിന്ന് വീടിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. തന്‍റെ കൈ തോക്കെടുത്ത് മടങ്ങി വരുമ്പോഴേക്കും മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. പൊലീസിനെ വിവരം അറിയിച്ചിട്ടില്ല. ബാൻഡിറ്റ് ഇല്ലായിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നു എന്നും എവെരിറ്റ് കൂട്ടിച്ചേര്‍ത്തു.