ടൊറാന്‍റോ: ഇന്ത്യയുമായുള്ള ബന്ധം 'പ്രധാന'മെന്നും അതേസമയം ഖലിസ്ഥാനി പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയർ (Canada Defence Minister Bill Blair). ആരോപണങ്ങളും അന്വേഷണവും തുടരുമ്പോഴും ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും അത് വളരെ പ്രധാനമാണെന്നും ഇന്ത്യ-പസഫിക് തന്ത്രം പോലുള്ള പങ്കാളിത്തം തന്‍റെ രാജ്യം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ അതേ സമയം നിയമത്തെ സംരക്ഷിക്കാനും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തി സത്യം കണ്ടെത്താനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ, കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരന്‍റെ കൊലപാതകത്തിൽ ഞങ്ങളുടെ പരമാധികാരത്തിന്‍റെ ലംഘനവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് കടുപ്പിച്ച് ഇന്ത്യ: കാനഡയുടെ മണ്ണിൽ നിന്ന് ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും ഇന്ത്യ വിരുദ്ധ ഘടകങ്ങൾക്കും എതിരെ ശക്തമായ നിലപാട് എടുക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കനേഡിയൻമാർക്കുള്ള വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തു.
നിജ്ജാർ കൊലപാതകത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം എക്കാലത്തെയും ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതോടൊപ്പം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.
കൊലപാതകവും ആരോപണങ്ങളും: കഴിഞ്ഞ ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്തുവെച്ചാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് മരിച്ചത്. 2020-ൽ ഇന്ത്യ മോസ്‌റ്റ് വാണ്ടഡ് ടെററിസ്‌റ്റ് (കൊടും ഭീകരൻ) ആയി ഹർദീപ് സിങ് നിജ്ജറിനെ പ്രഖ്യാപിച്ചിരുന്നു.
ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കനേഡിയൻ മണ്ണിൽ വച്ച് കൊലപ്പെടുത്തിയതിൽ റോയുടെ ഏജന്‍റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. അതിനാൽ ഖാലിസ്ഥാൻ ഭീകരന്‍റെ കൊലപാതകം ഇന്ത്യയും കാനഡയും തമ്മിലുളള സംഘർഷം വഷളാക്കാൻ ഇടയാക്കി.
പ്രതികരിച്ച് ജസ്‌റ്റിന്‍ ട്രൂഡോ: സിഖ് പ്രവര്‍ത്തകനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ വീണ്ടും പ്രതികരണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ. ഇന്ത്യയെ പ്രകോപിപ്പിക്കാനോ സംഘര്‍ഷമുണ്ടാക്കാനോ ശ്രമിക്കുന്നില്ലെന്നും സിഖ് പ്രവര്‍ത്തകന്‍റെ കൊലപാതകം ഇന്ത്യ ഗൗരവമായി കാണണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (Canadian PM Justin Trudeau About Hardeep Singh Nijjar murder). കഴിഞ്ഞ ചൊവ്വാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.